ഡല്‍ഹി: കൂട്ടത്തോടെ മരങ്ങള്‍ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാള്‍ പാപമാണെന്ന് സുപ്രീം കോടതി. നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ചുമത്തണമെന്നും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് കരുണ കാണിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ സംരക്ഷിത താജ് ട്രപീസിയം സോണിലെ 454 മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ആരോപണ വിധേയന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പ്രസ്താവന.
അനുമതിയില്ലാതെയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിലും മരങ്ങള്‍ മുറിക്കുന്നവരെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടണം. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവര്‍ ചേര്‍ന്ന ബെഞ്ചാണ് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്.
മരങ്ങളെയും നിയമങ്ങളെയും നിസ്സാരമായി കാണരുതെന്നും അവഗണിക്കരുതെന്നും കുറ്റവാളികള്‍ക്ക് വ്യക്തമായ സന്ദേശം അയയ്ക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകന് എഡിഎന്‍ റാവുവിന്റെ നിര്‍ദ്ദേശം ബെഞ്ച് അംഗീകരിച്ചു.