എല്ലാ തെരഞ്ഞടുപ്പുകാലത്തും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ദല്ലാള്‍ നന്ദകുമാറിന്റേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചില മണ്ഡലങ്ങളില്‍ ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്കുവേണ്ടി ദല്ലാള്‍ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന പേരിലും വിവാദങ്ങളുണ്ടായി. ആരാണീ ദല്ലാള്‍ നന്ദകുമാര്‍ ?
ന്യായാധിപന്മാരെ സ്വാധീനിക്കുന്ന വ്യവഹാര ദല്ലാള്‍, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരെ ഉപയോഗിക്കുന്ന കണ്‍സള്‍ട്ടന്റ്, അനധികൃത സ്വത്ത് സമ്പാദനത്തിനും ഡാറ്റാസെന്റര്‍ അഴിമതിക്കേസിലും സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ച കേസ്സിലെ പ്രതി, ആദായനികുതി വകുപ്പിന്റേയും ഇന്റലിജന്‍സ് ബ്യൂറോയുടേയും അന്വേഷണം നേരിട്ട ആള്, മുകേഷ് അംബാനിയുടേയും അദാനിയുടേയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നയാള്‍ അങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് ടി ജി നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാറിന്.
മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയിലെ ആദ്യ നഴ്സിങ് പിഎച്ച്ഡി ബിരുദധാരിയെ ആദരിച്ചു
കൊല്ലം ജില്ലയിലെ കുണ്ടറയില്‍ തെരഞ്ഞെടുപ്പുദിവസം ബോംബ് പൊട്ടിച്ച സംഭവത്തിനു പിന്നില്‍ ദല്ലാള്‍ നന്ദകുമാറിന്റെ ഇടപെടലുണ്ടായി എന്നും, കടല്‍ വില്‍പ്പന ആരോപണത്തിനുപിന്നില്‍ അന്നത്തെ മന്ത്രിയും സി പി എമ്മിന്റെ വനിതാ മുഖവുമായിരുന്ന മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താന്‍ നീക്കം നടന്നുവെന്ന ആരോപണത്തിലും ദല്ലാള്‍ നന്ദകുമാറിന്റെ പേരുണ്ടായിരുന്നു. സാക്ഷാല്‍ വി എസ് അച്ചുതാനന്ദനുപോലും അടുപ്പമുണ്ടായിരുന്ന വിവാദ നായകനായിരുന്നു നന്ദകുമാര്‍.
ഉന്നത കോര്‍പ്പറേറ്റ്, വ്യവഹാര, രാഷ്ട്രീയ ഇടനിലക്കാരനായാണ് ടി ജി നന്ദകുമാര്‍ എന്ന എറണാകുളം കാരനെ കേരളം അറിയുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം മുതല്‍ ഡല്‍ഹിയില്‍ ജഡ്ജിമാരെ സ്വാധീനിക്കാന്പോലും കെല്‍പ്പുള്ളയാള്‍ എന്നാണ് നന്ദകുമാറിനെപ്പറ്റി പറയപ്പെടുന്നത്. കേരള രാഷ്ട്ട്രീയത്തിലും നിരവധി ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കഥാപാത്രമാണ് ടി ജി നന്ദകുമാര്‍.
മാസപ്പടി വിവാദം; അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഏപ്രില്‍ 19 ന് വിധി പറയും
വി എസ് അച്ചുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലം… രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഡാറ്റാ സെന്റര്‍ കൈമാറ്റത്തിലൂടെയാണ് ദല്ലാള്‍ നന്ദകുമാര്‍ സജീവ ചര്‍ച്ചാകേന്ദ്രമായത്. ആലപ്പുഴ നെടുമുടിയിലാണ് ടി ജി നന്ദകുമാറിന്റെ ജനനം. പിന്നീട് എറണാകുളം പ്രവര്ത്തനകേന്ദ്രമായിമാറി. വി എസ് അച്ചുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ ഡാന്റാസെന്റര്, അനില്‍ അംബാനി ഗ്രൂപ്പിന് കൈമാറിയസംഭവത്തിലാണ് നന്ദകുമാര്‍ അനധികൃതമായി ഇടപെട്ടുവെന്ന ആരോപണം ഉണ്ടായത്. ഈ ആരോപണത്തിലൂടെയാണ് മലയാളികള്‍ക്കിടയില്‍ ദല്ലാള്‍ നന്ദകുമാര്‍ എന്ന പേര് പരക്കുന്നത്. പിന്നീട് വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവരുന്നതിലും പദ്ധതിക്കെതിരെയുണ്ടായ എതിര്‍പ്പുകള്‍ ലഘൂകരിക്കുന്നതിലും നന്ദകുമാറിന്റെ പേര് കേട്ടിരുന്നു.
കഴിഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയാവാനായി എല്‍ ഡി എഫ് കണ്‍വീനറുടെ നിര്‍ദ്ദേശപ്രകാരം പത്മജാ വേണുഗോപാലിനെ സമീപിച്ചതായും, മഹിളാ കോണ്‍ഗ്രസ് നേതാവായിരുന്ന ദീപ്തി മറിയാതോമസ് തന്നെ സമീപിച്ചിരുന്നതായും ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു. ഇ പി ജയരാജന് ദല്ലാള്‍ നന്ദകുമാറിനെ അറിയില്ലെന്നായിരുന്നു പ്രതികരിച്ചിരുന്നത്.
ആരാണ് ഈ ടി ജി നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാര്‍, എങ്ങനെയാണ് ഇദ്ദേഹം പണക്കാരുടെയും കോര്‍പ്പറേറ്റുകളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒക്കെ ഇഷ്ടക്കാരനായി മാറിയത്, ഡല്‍ഹിയിലും കേരളത്തിലും അടക്കം എല്ലാ നഗരങ്ങളിലും ആഴത്തില്‍ ബന്ധമുള്ള ഇടനിലക്കാരനായി മാറിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇന്നും ദുരൂഹമാണ്.
ഏ കെ ആന്റണിയുടെ മകനും പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണിയാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തലില്‍ ഇപ്പോള്‍ എയറിലായിരിക്കുന്നത്. മറ്റൊരു പ്രമുഖ ബി ജെ പി വനിതാ നേതാവും ഉടന്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലില്‍ വിവാദ നായികയായി മാറുമെന്നുള്ള സൂചനകളും പുറത്തുവന്നുകഴിഞ്ഞു.
വിഷു കഴിഞ്ഞാല്‍ അനിലിനെതിരായ തെളിവുകള്‍ പുറത്തുവിടും. അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും. കാട്ടുകള്ളന്മാരെ എന്നെക്കാള്‍ നന്നായി അറിയുന്നത് കെ. സുരേന്ദ്രനാണ്. അദ്ദേഹം എസ്റ്റേറ്റ് തൊഴിലാളി ആയിരുന്നു. കാട്ടുകള്ളന്മാര്ക്കൊപ്പം കണക്കെഴുത്തായിരുന്നു ജോലി, തുടങ്ങി, ആരോപണം ഉന്നയിച്ച തീപ്പൊരി നേതാവ് ആരാണെന്ന് പറയില്ലെന്നുമാണ് ടി.ജി നന്ദകുമാറിന്റെ ബാക്കി വന്ന പ്രതികരണം.
അടുത്തത്, മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി അടുത്ത ബന്ധമുണ്ടെന്നായി ടി.ജി നന്ദകുമാര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് അദ്ദേഹം അബദ്ധത്തില്‍ തന്റെ വാഹനത്തില്‍ കയറിയതാണെന്നും അദ്ദേഹവുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നുമായിരുന്നു വെളി്പെടുത്തല്‍. കേരളത്തില്‍ എന്തെങ്കിലും നീക്കങ്ങള്‍ നടത്താനുള്ള സാധ്യതയുണ്ടോ എന്ന് ചോദിച്ചിരുന്നു, കേരളത്തില്‍ ബിജെപിയുടെ നീക്കങ്ങളൊന്നും വിലപ്പോകില്ലെന്ന് ജാവദേക്കറെ അറിയിച്ചെന്നും ടി.ജി നന്ദകുമാര്‍ പറഞ്ഞിരുന്നു.
ആരൊക്കെ ഒഴിഞ്ഞു മാറിയാലും, പ്രതികരിക്കാതെ നിന്നാലും കൂടുതല്‍ തെളിവുകളുമായി നന്ദകുമാര്‍ എത്തുമെന്നത് ഉറപ്പാണ്. നന്ദകുമാറിനെ ഉപയോഗിച്ച് കാര്യം നേടിയവര്‍, കാര്യം നേടാനായി ശ്രമിച്ചവര്‍ എല്ലാം എയറിലാണ്. എപ്പോഴാണ് നന്ദകുമാര്‍ വെളിപാടുമായി എത്തുകയെന്നത് നിശ്ചയമില്ലല്ലോ…
അനില്‍ ആന്റണിയുടെ കാര്യം തന്നെ നോക്കാം… അനില്‍ ആന്റണി ആകെ കുഴപ്പത്തിലാണ്, പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി അങ്ങ് ഡല്‍ഹിയില്‍ നിന്നും മലയാള നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ അനില്‍ ആന്റണിക്ക് നല്ലൊരു ക്ലീന്‍ ഇമേജായിരുന്നു. എന്നാലിപ്പോഴത്തെ അവസ്ഥയോ, വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ ഒറ്റ വെളിപ്പെടുത്തലില്‍ അടിപതറിയിരിക്കുകയാണ് അനില്‍ ആന്റണി. പത്തനംതിട്ടയില്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അനിലിനെ ആകെ എതിര്‍ത്തത് ഈ അടുത്ത് കാലത്ത് ബി ജെ പിയില്‍ പ്രവേശിച്ച പി സി ജോര്‍ജ് മാത്രമായിരുന്നു, അനില്‍ ആന്റണിക്ക് പത്തനംതിട്ടയില്‍ ഒരു ഇമേജും ഇല്ലെന്നും, അതിനാല്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അത്രപോര, എന്നും തീരെ പോരെന്നും പി സി ഒരു പരസ്യപ്രസ്താവനയങ്ങ് നടത്തി.
മന്മോഹന് മന്ത്രി സഭയിലെ രണ്ടാമനായിരുന്നു ആദര്‍ശത്തിന്റെ ആള് രൂപമായ ഏ കെ ആന്റണി. രാജ്യരക്ഷാവകുപ്പു മന്ത്രിയായിരുന്ന ഏ കെ ആന്റണി കേരളത്തിലെ എന്നത്തേയും അത്ഭുതംകൂടിയയിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രി, അല്ലെങ്കില്‍ കേന്ദ്രത്തില്‍ ക്യാബിനറ്റ് മന്ത്രി എന്നതായിരുന്നല്ലോ ഏ കെ ആന്റണിയുടെ രാഷ്ട്രീയ ജീവിതം.
കോണ്‍ഗ്രസ് രാജ്യത്ത് പ്രധാന കക്ഷിയായിരുന്ന കാലത്താണ് കേരളത്തിലെ പ്രമുഖനേതാക്കള്‍ ആന്റണിയും വയലാര്‍ രവിയും പി ജെ കുര്യനും, കെ വി തോമസുമെല്ലാം മന്ത്രിയായിരുന്നത്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നത് ഏ കെ ആന്റണിയാണ്. ആര്‍ക്കും വഴിവിട്ട് ഒരു സഹായവും നല്‍കില്ല. ആരോടും മമതകാണിക്കില്ല, വീട്ടില്‍ വരുന്ന ഒരാള്‍ക്കും ചായപോലും കൊടുക്കില്ല, കാരണം ആ പേരും പറഞ്ഞെങ്ങാനും പിന്നീട് എന്തെങ്കിലും സഹായം ചോദിച്ചാലോ എന്നായിരുന്നു ആന്റണി ഭയന്നിരുന്നത്.
ഇതേ ആന്റണിയുടെ മകന് അനില്‍ ആന്റണി തന്നോട് 25 ലക്ഷം രൂപ കടം വാങ്ങിയെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ ആരോപിക്കുന്നത്. ആദര്‍ശ ധീരന് ഏ കെ ആന്റണിയുടെ മകന് അനില്‍ ഇക്കാര്യം ആദ്യം തന്നെ നിഷേധിച്ചു. എന്നാല്‍ പണം വാങ്ങിയകാര്യം പി ടി തോമസിനും പി ജെ കുര്യനും അറിയാമെന്നാണ് നന്ദകുമാര്‍ പ്രതികരിച്ചത്. പി ജെ കുര്യന് ഇക്കാര്യം സ്ഥിരീകരിച്ചു, ഇതോടെ അനില്‍ ആന്റണി പ്രതിരോധത്തിലായി. പിന്നെ പി ജെ കുര്യനെതിരെയായി അനിലിന്റെ ആക്ഷേപം. നന്ദകുമാര്‍ സ്വന്തം വീട്ടില്‍ നിന്നുപോലും നേരത്തെ മോഷണം നടത്തിയിട്ടുണ്ടെന്നും, അങ്ങനെയൊരാളെ വിശ്വസിക്കാനാവില്ലെന്നുമായിരുന്നു അനിലിന്റെ വാദം.
പണം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയം തനിക്കറിയാമായിരുന്നു എന്നും, പണം തിരികെ കൊടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു എന്നുമാണ് പി ജെ കുര്യന് നന്ദകുമാറിന്റെ വെളിപ്പെടുത്തലില്‍ നടത്തിയ പ്രതികരണം. പി ജെ കുര്യനാണ് തന്നെ പരിചയപ്പെടുത്തിയത് എന്നൊക്കെ പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാന്‍ അനില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആന്റണി മന്ത്രിയായിരിക്കെ അഴിമതി നടത്താനാണ് ടി ജി നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാറില്‍ നിന്നും 25 ലക്ഷം വാങ്ങിയതെന്നാണ് ഉയരുന്ന ആരോപണം. അനില്‍ ഒരു കാലത്ത് ഡല്‍ഹിയില്‍ ദല്ലാളായിരുന്നു എന്നാണ് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത്… ഇനിയും എന്തെല്ലാം കേള്‍ക്കേണ്ടിയും അനുഭവിക്കേണ്ടിയും വരുമെന്ന് അറിയില്ല. അതുകൊണ്ട് അനില്‍ ആന്റണിയും നന്ദകുമാറിന്റെ പുതിയ ക്ലൈന്റ്സും പഴയ ക്ലൈന്റ്സും ജാഗ്രതൈ…