മനുഷ്യ ശരീരത്തില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍.പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ മുടി വളര്‍ച്ചയ്ക്കും, ചര്‍മ്മ സംരക്ഷണത്തിനുമായി ഉല്പാദിപ്പിക്കുന്ന മരുന്നുകളും വേദനസംഹാരി, മള്‍ട്ടിവൈറ്റമിനുകളും നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ കൂട്ടത്തിലുണ്ട്. പനി, കോള്‍ഡ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയില്‍ പലതും.

സിപ്ല, ടോറന്റ്, സണ്‍ ഫാര്‍മ, ഐപിസിഎ ലാബ്സ്, ല്യൂപിന്‍ എന്നീ കമ്പനികളുടെ മരുന്നുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതാണ്. മരുന്നുനിരോധനം വലിയ സാമ്പത്തിക ബാധ്യത കമ്പനികള്‍ക്ക് വരുത്തിവെക്കുമെന്നും മരുന്നു കമ്പനികള്‍ കോടതിയെ സമീപിക്കുമെന്നും സൂചനകളുണ്ട്. ഒട്ടും സുതാര്യമല്ലാതെയാണ് വിദഗ്ധ സമിതി തങ്ങളുടെ അനുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് കമ്പനികളുടെ ആരോപണം.മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ കുത്തിവയ്പ്പ്, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍, പാരസെറ്റമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.