കളമശ്ശേരി: റംസാൻ നോമ്പാചരണത്തിന്റെ ഭാഗമായി മന്ത്രി പി. രാജീവ് ആശംസയ്ക്കൊപ്പം എത്തിച്ചു നൽകിയ ഈന്തപ്പഴ പായ്ക്കറ്റ് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാപ്രവർത്തകർക്ക് പെരുന്നാൾ ദിനമായ ഇന്ന് എത്തിച്ചു നൽകുമെന്ന് കളമശേരി അൽഹുദാ മസ്ജിദ് പ്രസിഡന്റ് എൻ. എ. മുഹമ്മദ് കുട്ടി പറഞ്ഞു. മന്ത്രിയുടെ സ്റ്റാഫാണ് ഈന്തപ്പഴ പായ്ക്കറ്റ് എത്തിച്ചു നൽകിയത്. പെരുനാൾ ദിനത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസമെന്നും സെക്രട്ടറിയേറ്റ് നടയിൽ ആശാവർക്കർമാർ നിരാഹാരം കിടക്കുകയാണെന്നും എൻ. എ. മുഹമ്മദ്കുട്ടി കൂട്ടിച്ചേർത്തു.
അതേസമയം ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സമരം അമ്പത് ദിവസം പിന്നിടുകയാണ്. നിരാഹാരം കിടന്നും , മുടിമുറിച്ചും സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ആശമാർ.