മുംബൈ:വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്ത ഒരു കുടുംബത്തിന് നല്കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ.ഷിര്‍ദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ ആണ് കുടുംബം യാത്ര ചെയ്തിരുന്നത്. കുടുംബം ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്ന് റിക്കി ജെസ്വാനി എന്നയാള്‍ എക്സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. അതേസമയം, ദിവ്യേഷ് വാങ്കേദ്കര്‍ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്സില്‍ പങ്കുവെച്ചത്. ചത്ത പാറ്റയെ കിട്ടിയ പരിപ്പ് കറിയുടെ ചിത്രവും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനില്‍ ജെസ്വാനി നല്കിയ പരാതിയുടെ ചിത്രവും പോസ്റ്റിലുണ്ട്.