രാജേഷ് തില്ലങ്കേരി
വയനാട് ഒഴിവാക്കില്ലെന്നും എന്നും വയനാട്ടുകാരോടൊപ്പം ഉണ്ടാവുമെന്നുമാണ് കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കുന്നത്. ഇതു തന്നെയായിരുന്നു അഞ്ച് വര്‍ഷം വയനാട് എം പിയായിരുന്ന രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നത്. വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കാനായി എത്തിയത് അപ്രതീക്ഷിതമായായിരുന്നു. സിറ്റിംഗ് സീറ്റില്‍ തിരിച്ചടി കിട്ടുമെന്ന് വ്യക്തമായപ്പോള്‍ ഓക്സിജന്‍ സിലിണ്ടര്പോലെയാണ് കെ സി വേണുഗോപാല്‍ രാഹുലിന് വയനാട് മുന്നില്‍ സമര്‍പ്പിച്ചത്.
സ്വന്തം തട്ടകമായ അമേഠിയില്‍ വൃത്തിക്ക് തോല്‍ക്കുകയും വയനാട് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തതോടെ വയനാട് എന്റെ സ്വന്തം നാടുമാതിരിയെന്നായി രാഹുല്‍ ഗാന്ധിയുടെ നിലപാട്. എന്നാല്‍ ഭാരത് ജോഡോയാത്രയോടെ രാഹുലിന് വീണ്ടും ദേശീയ നേതാവെന്ന പരിഗണന ലഭിച്ചു. അമ്മയും റായ്ബറേലിയിലെ സിറ്റിംഗ് എം പിയുമായ സോണിയാ ഗാന്ധി സ്വയം ഒഴിഞ്ഞപ്പോള്‍ അവിടെ മത്സരിക്കാന്‍ രാഹുല്‍ തയ്യാറായി.

വയനാട് എന്റെ സ്വന്തമെന്നും വയനാടു വിട്ടുള്ള ഒരു കളിയുമില്ലെന്നു പ്രഖ്യാപിച്ച രാഹുല്‍ വയനാട് തിരഞ്ഞെടുപ്പുവരെ റായ്ബറേലിയില്‍ മത്സരിക്കുന്ന വിവരം രഹസ്യമാക്കിവച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ റായ്ബറേലിയിലും വയനാട്ടിലും വന്‍ ഭൂരിപക്ഷം നേടി വിജയിച്ചതോടെ വയനാട് തല്കാലം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അമേഠി പാരമ്പര്യമായി കോണ്‍ഗ്രസിന് ലഭിച്ചതായിരുന്നു. റായ്ബറേലിയും പാരമ്പര്യമായി കോണ്‍ഗ്രസിന് ലഭിച്ച മണ്ഡലങ്ങള്തന്നെയായിരുന്നു. അമേഠിയില്‍ നെഹ്രു കുടുംബാംഗമല്ലാത്ത ഒരു കോണ്‍ഗ്രസുകാരനാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. അതുപോലെ ഇനി അറിയപ്പെടുന്ന കോണ്‍ഗ്രസ് മണ്ഡലമായി വയനാടും മാറുകയാണ്.
രാഹുല്‍ ഒഴിയുമ്പോള്‍ ഈ മണ്ഡലം കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന് ലഭിച്ചേക്കുമെന്നൊക്കെ മനക്കോട്ട കെട്ടിയവരുണ്ടായിരുന്നു. എന്നാല്‍ വയനാട് തന്റെ പെങ്ങളൂട്ടിക്ക് നല്കാന് വിശാല മനസ്കനായ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു. വയനാടിനു പുറമേ അമേഠിയുണ്ടായിരുന്നു രാഹുലിന് ഇത്തവണയും മത്സരിക്കാന്‍. എന്നാല്‍ രാഹുല്‍ തന്റെ വിശ്വസഥനേയാണ് അമേഠിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

പ്രിയങ്കയെ റായ്ബറേലിയില്‍ മത്സരിപ്പിച്ചേക്കുമെന്നായിരുന്നല്ലോ സോണിയ രാജ്യസഭയിലേക്ക് പോയപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിച്ചിരുന്നത്. എന്നാല്‍ രാഹുലിന്റെ കണക്കുകൂട്ടലുകള്‍ അതായിരുന്നില്ല. വയനാട് സീറ്റില്‍ പ്രിയങ്കയെ മത്സരിപ്പിക്കാന്‍ രാഹുല്‍ തീരുമാനിച്ചതോടെ കേരളത്തിലെ നേതാക്കളും ആവേശത്തിലായി. വയനാട്ടില്‍ വലിയ ആവേശത്തിലാണ് കോണ്‍ഗ്രസ്.

പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുകയാണിപ്പോള്‍. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രസംഗം ഇത്തവണയും പരിഭാഷപ്പെടുത്തിയാണ് വോട്ടര്‍മാരോട് സംവദിക്കുന്നത്. പാവപ്പെട്ടവരും ആദിവാസി വിഭാഗങ്ങളും ഏറെയുള്ളിടമാണ് വയനാട്. ഇംഗ്ലീഷും ഹിന്ദിയുമൊന്നും അറിയാത്തവര്‍ ഏറെയുള്ളിടം. വയനാട് ഉപേക്ഷിക്കില്ലെന്നാണ് പ്രിയങ്ക പറയുന്നത്. ഇത് സത്യമാണെങ്കില്‍ പ്രിയങ്കയെ ഉടന്‍ മലയാളം പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം.
പാവപ്പെട്ടവര്‍ക്ക് തങ്ങളുടെ എം പിയുമായി ഇടനിലക്കാരില്ലാതെ സംസാരിക്കാനുള്ള അവസരം ഉണ്ടാവണം. അടുത്ത തിരഞ്ഞെടുപ്പില്‍ പരിഭാഷകരില്ലാതെ പ്രസംഗിക്കാന്‍ പ്രിയങ്കയ്ക്ക് കഴിയണം. വയനാട്ടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇടപെടുമെന്നാണ് പ്രിയങ്കയുടെ പ്രഖ്യാപണം. പ്രിയങ്കാ ഗാന്ധി താങ്കള്‍ക്ക് വയനാട് വാരിക്കോരി വോട്ട് തരും, ഭൂരിപക്ഷത്തില്‍ ആരേയും അത്ഭുതപ്പെടുത്തും. പക്ഷേ, താങ്കള്‍ മലയാളം പഠിക്കണം, ഇതൊരു അഭ്യര്‍ത്ഥനയാണ്.
വയനാട്ടിലെ വോട്ടർമാർ ഇത്തരം നാടകങ്ങൾ എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്
മലയാളം പഠിക്കണം