മുംബൈ: ബോളിവുഡ് താരങ്ങൾക്ക് വധഭീഷണി. ഹാസ്യനടനായ കപിൽ ശർമ്മ, നടൻ രാജ്പാൽ യാദവ്, നൃത്തസംവിധായകൻ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവരുൾപ്പെടെ നാല് പ്രമുഖ ബോളിവുഡ് സെലിബ്രിറ്റികൾക്കാണ് വധഭീഷണി. പാകിസ്ഥാനിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.
“ഞങ്ങൾ നിങ്ങളുടെ സമീപകാല പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരുന്നു, തന്ത്രപ്രധാനമായ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടോ നിങ്ങളെ ശല്യപ്പെടുത്താനുള്ള ശ്രമമോ അല്ല, ഈ സന്ദേശം അതീവ ഗൗരവത്തോടെയും രഹസ്യാത്മകതയോടെയും കൈകാര്യം ചെയ്യാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു’. ഇതാണ് കപിൽ ശർമയ്ക്ക് ലഭിച്ച ഭീഷണി സന്ദേശം.
സുഗന്ധ മിശ്ര, റെമോ ഡിസൂസ, രാജ്പാല് യാദവ് എന്നിവര്‍ വധഭീഷണി സംബന്ധിച്ച് നേരത്തെതന്നെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാന്ദ്രയ്ക്കടുത്തുവെച്ച് എൻസിപി നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഭീഷണി സന്ദേശങ്ങള്‍ പോലീസ് അതീവ ഗൗരവമായാണ് കാണുന്നത്. ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.