ഈ വർഷത്തെ ദീപാവലി ആഘോഷമായ ദീപോത്സവ് 2024 നോടനുബന്ധിച്ച് രാമക്ഷേത്രത്തിൽ 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്കു ശേഷമുള്ള ആദ്യത്തെ ദീപോത്സവമാണിത്. കൂടാതെ ബുധനാഴ്ച നടക്കുന്ന ദീപോത്സവത്തിൽ 1,100-ലധികം ആളുകളെ പങ്കെടുപ്പിച്ച് സരയൂ ഘട്ടിൽ ഏറ്റവും വലിയ ആരതി നടത്തി മറ്റൊരു റെക്കോർഡിനും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ പങ്കെടുക്കും. കൂടാതെ ‘ഏക് ദിയാ രാം കേ നാം’ എന്ന പേരിൽ ദിവ്യ അയോധ്യ ആപ്പ് വഴി വെർച്വൽ ദീപാവലി ലൈറ്റിംഗും പ്രോത്സാഹിപ്പിക്കും. പല രാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുക്കും. ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ നിന്നുള്ള 30 അംഗ സംഘമാണ് ദീപോത്സവ് ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കാനെത്തിയിരിക്കുന്നത് .
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുന്നു. രാം ലല്ലയുടെ ജന്മസ്ഥലത്ത് നിർമ്മിച്ച ക്ഷേത്രത്തിൽ ആയിരക്കണക്കിന് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനാൽ ഈ വർഷത്തെ ദീപാവലി ചരിത്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എന്നാൽ തന്നെ ദീപോത്സവ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് സമാജ്വാദി പാർട്ടി നേതാവും ഫൈസാബാദിലെ എംപിയുമായ അവധേഷ് പ്രസാദ് പ്രതികരിച്ചു. ബിജെപി ഉത്സവങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.