ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ പടക്കം പൊട്ടിക്കലിനെ തുടർന്ന് ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ പലയിടങ്ങളിലും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. ദീപാവലി ആഘോഷത്തിൽ പടക്കം പൊട്ടിക്കൽ നിരോധിച്ചെങ്കിലും ജനങ്ങൾ അതിനെ പൂർണമായും അവഗണിക്കുകയായിരുന്നു. രാജ്യ തലസ്ഥാനത്ത് പൂർണമായും പടക്കത്തിന്റെ ഉത്പാദനവും വില്പനയും ഉപയോഗവും സര്ക്കാര് നിരോധിച്ചെങ്കിലും അത് പ്രാവർത്തികമായില്ല. വികാരങ്ങളെ വൃണപെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ നിരോധനത്തെ അവഗണിച്ചത്.
പൂജ്യത്തിനും 50-നും ഇടയിലുള്ള വായുഗുണനിലവാര സൂചികയാണ് മികച്ചതായി കണക്കാക്കുന്നത്. എന്നാൽ ഡൽഹിയിൽ ഇത് 400 ലേക്ക് ഉയർന്നിരിക്കുകയാണ്. ആനന്ദ് വിഹാർ, ആർ കെ പുരം എന്നിവിടങ്ങളിലെ വായുഗുണനിലവാര സൂചിക 395 ആയിരുന്നു.
ഡൽഹിൽ വായു മലിനീകരണം അപകടകരമായ തലത്തിലേക്കാണ് ഉയർന്നത് എന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. പടക്കങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന PM 2.5, PM 10 എന്നിങ്ങനെയുള്ള സൂക്ഷ്മ അണുക്കൾ വായുവിൽ കലർന്നതോടെയാണ് അവസ്ഥ ഇത്രയും രൂക്ഷമായത്.
വായു ഗുണമേന്മയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മോശം നഗരമാണ് ഡൽഹി. ദീപാവലി കഴിഞ്ഞുള്ള ദിവസം നഗരം ചാര നിറത്തിലുള്ള പുക മഞ്ഞാൽ നിറഞ്ഞു.
പടക്ക നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡൽഹി സർക്കാർ 300 ലേറെ എൻഫോഴ്സ് ടീമുകളെ രൂപീകരിച്ചിരുന്നു. കൂടാതെ പ്രാദേശിക അസോസിയേഷനുകൾ വഴി ബോധവൽക്കരണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഈ നിയന്ത്രണങ്ങളെ പൂർണമായും ലംഘിക്കുകയായിരുന്നു.
റോഡുകളിൽ നിന്ന് ഉയരുന്ന പൊടിയും വണ്ടികളിൽ നിന്നുള്ള പുകയും ഡൽഹിയിലെ വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.അതിനോട് ഒപ്പം പടക്കം പൊട്ടിക്കുന്നത് കൂടി ആയപ്പോൾ അവസ്ഥ ഗുരുതരമായി.