ഡൽഹി : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തും. കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. ശംഭു അതിർത്തിയിൽ നിന്ന് ഉച്ചയോടെ മാർച്ച് ആരംഭിക്കും. ഇതേ തുടർന്ന് അതിർത്തിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്. കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദേർ, ജഗ്ജിത് സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തോളമായി ഇവിടെ സമരം ചെയ്യുകയാണ്, അതിന്റെ ഭാഗമായി കാൽനടയായി ഡൽഹിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും വ്യാപാരി സംഘടനകളിൽ നിന്ന് മാർച്ചിന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സർവാൻ സിംഗ് പറഞ്ഞു.
അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈവേകൾ തടസ്സപ്പെടുത്തരുതെന്നും ജനങ്ങൾക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുതെന്നും കർഷകരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസ് കർഷകരുമായി കൂടികാഴ്ച നടത്തിയിരുന്നു . ചലോ മാർച്ച് കണക്കിലെടുത്ത് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.