പൊതു തെരഞ്ഞെടുപ്പിന് ശേഷം ഹരിയാനക്കും മഹാരാഷ്ട്രക്കും പിറകെ ദില്ലിയും ബിജെപി കൈപ്പിടിയിലൊതുക്കി. ഇന്ത്യയിൽ ഇപ്പോൾ ഗൃഹപാഠം ചെയ്യുകയും പാഠങ്ങൾ പഠിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടിയേ ഉള്ളൂ. അത് ആർ എസ് എസ് നയിക്കുന്ന ബിജെപിയാണ്. ഏത് തന്ത്രവും അതിന് പയറ്റാൻ അവർ തയ്യാറാണ്. ആപ്പിന്റെ ജനപ്രിയ രാഷ്ട്രീയവും അപ്രസക്തമാക്കാൻ അവർക്ക് കഴിഞ്ഞു. ബിജെപി ഇതര കക്ഷികൾ തൊട്ടുമുമ്പുളള ഗോദയിലെ മൽപ്പിടുത്തത്തെക്കുറിച്ച് മാത്രം ആലോചിക്കുമ്പോൾ അടുത്ത പത്തോ അമ്പതോ വർഷമാണ് സംഘപരിവാറിന്റെ അജണ്ട.ലക്ഷണമൊത്ത മധ്യവർഗ്ഗ പാർട്ടിയായിരുന്നു കെജ് രിവാളിന്റേത്. ജനപ്രിയ നടപടികൾ മാത്രം കൊണ്ട് ഭരണം തുടരാമെന്ന് അവർ കരുതി. ബി ജെ പി രാമനെയും അയോധ്യയെയും മുന്നിൽ നിർത്തിയപ്പോൾ ഹനുമാൻ സേവകനായി ഹിന്ദു വോട്ടർമാരെ ആകർഷിക്കാനായിരുന്നു ഇടക്കാലത്ത് കെജ്രിവാൾ ലൈൻ. ദില്ലി കലാപ കാലത്ത് ന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോൾഅവരിൽ നിന്നും അകലം പാലിച്ചതും ഈ വോട്ടുബാങ്കിനെ കരുതിയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇനി പല പോസ്റ്റ്മോർട്ടങ്ങളും നടക്കും. കോൺഗ്രസ് ആപ്പിന് പിന്തുണ നൽകിയിരുന്നെങ്കിൽ ചിത്രം മറ്റൊരു വിധത്തിലായേനെ എന്ന് ഇപ്പോൾ തന്നെ ചിലർ പറയുന്നുണ്ട്. അവർ നേടിയ ബിജെപി വിരുദ്ധ, ആപ് വിരുദ്ധ വോട്ടുകൾ ഒന്നിച്ചു നിന്നാൽ കിട്ടുമായിരുന്നോ എന്നതിന് എന്ത് ഉറപ്പാണുള്ളത്! ബിജെപി ഉയർത്തിയ അഴിമതിക്കറകൾ ഭേദിക്കാൻ ആപ്പിന് കഴിഞ്ഞില്ലെന്നതാണ് വാസ്തവം.അത് ഒരു വിത്യസ്ഥ പാർട്ടിയല്ലെന്ന വിചാരത്തിലേക്ക് വോട്ടർമാരെ അത് കൊണ്ടെത്തിച്ചിരിക്കണം.
സംഘപരിവാറിനെതിരെ കുറേ നേതാക്കളുടെ ഒരു മുന്നണി ഏച്ചുകെട്ടുകയല്ല, അടിത്തട്ടിൽ നിന്നും ജനങ്ങളുടേതായ ഒരു മുന്നേറ്റം ഉണ്ടാകുകയാണ് കാര്യം. അധികാരത്തിന് വേണ്ടി എന്തു കുത്സിത ശ്രമവും നടത്തുന്നവരാണ് സംഘ പരിവാർ. തെരഞ്ഞെടുപ്പുകൾക്ക് തന്നെ ഇനി എത്ര കാലം പ്രസക്തിയുണ്ട്.