ന്യൂഡൽഹി: ഒടുവിൽ ഡൽഹിയിൽ വനിത മുഖ്യമന്ത്രി മതിയെന്ന് ബിജെപി ഉറപ്പിച്ചു. രാജ്യത്തിന് ആദ്യമായി, ഒരു വനിത മുഖ്യമന്ത്രിയെ നൽകിയ ഡൽഹി വീണ്ടും ആ അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ഒരു വനിത കൂടി മുഖ്യമന്ത്രിയാകുന്നു, രേഖ ഗുപ്ത. രാജ്യത്തെ ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി കൂടിയാകും രേഖ ഗുപ്ത.
എഎപിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രേഖയുടെ കടന്നുവരവ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ ബിജെപിയുടെ ഉറച്ച ശബ്ദമാണ് രേഖ. സ്ത്രി വോട്ടർമാർ കൂടുതലുള്ള ഡെൽഹിയിൽ വനിതാ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതിലുള്ള രാഷ്ട്രീയ നേട്ടങ്ങളും ബിജെപിയുടെ കണ്ണിലുണ്ട്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ അധികാരം കയ്യാളുന്ന ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രിയാണ് രേഖ.