റോഹിംഗ്യൻ അഭയാർത്ഥികളിലെ കുട്ടികളെ പ്രാദേശിക സ്കൂളുകളിൽ ചേർക്കുന്നത് സംബന്ധിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഇത് ദേശീയതയെയും ദേശസുരക്ഷയെയും ബാധിക്കുന്ന അന്താരാഷ്ട്ര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിനാൽ തന്നെ കേന്ദ്രസർക്കാരിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും കോടതി വ്യക്തമാക്കി.
തുടർന്ന് ഈ പ്രശ്നം തീർപ്പാക്കുന്നതിന് ഹർജിക്കാരൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം നൽകണമെന്നും ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമപരമായി ഇന്ത്യയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത റോഹിംഗ്യർ വിദേശികളാണെന്നും കോടതി നിരീക്ഷിച്ചു.
ആധാർ കാർഡിന്റെ അഭാവത്തിൽ മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യൻ കുട്ടികൾക്ക് പാദേശിക സ്കൂളുകളിൽ പ്രവേശനം അനുവദിക്കുന്നില്ല എന്ന വിഷയത്തിൽ ഡൽഹി സർക്കാരിനും ഡൽഹി മുനിസിപ്പൽ കോർപറേഷനും എതിരെ എൻ. ജി. ഒ ആയ സോഷ്യൽ ജൂറിസ്റ്റ് നൽകിയ ഹർജിയിന്മേലാണ് ഡൽഹി ഹൈക്കോടതിയുടെ ഈ വിശദീകരണം.
ഉയർന്ന ആത്മഹത്യാനിരക്ക്, വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം തുടങ്ങി അഭയാർഥികൾ നേരിടുന്ന വെല്ലുവിളികൾ ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അശോക് അഗർവാൾ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന പ്രകാരം വിദ്യാഭ്യാസത്തിനുള്ള അവകാശം റോഹിംഗ്യൻ കുട്ടികൾക്ക് കൂടെ അനുവദിക്കണമെന്ന് വാദിച്ചു.
ഖജൂരി ചൗക്കിൽ താമസിക്കുന്ന 17 റോഹിംഗ്യൻ കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകുന്നില്ലെന്നും, നിലവിൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും സോഷ്യൽ ജൂറിസ്റ്റ് നൽകിയ പൊതുതാല്പര്യ ഹർജിയിൽ പറയുന്നു.