പാലക്കാട്: സി.ഐ.ടി.യു. പാലക്കാട് ജില്ലാ പ്രസിഡന്റും ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റും സ്ഥാനങ്ങളിൽ നിന്ന് പി.കെ. ശശിയെ പുറത്താക്കി. പകരം, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി. എൻ. മോഹനൻ പുതിയ സിഐടിയു ജില്ലാ പ്രസിഡന്റായി ചുമതലയേൽക്കും. ശശിയെ കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നു പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട പദവികളിലും നിന്ന് ശശിയെ നീക്കിയിരിക്കുന്നത്. ശശി കെ.ടി.ഡി.സി ചെയര്മാന്പദവും സി.ഐ.ടി.യു ജില്ലാ അധ്യക്ഷ പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം ശക്തമായിരുന്നു.
ഷൊർണൂർ എം.എൽ.എ ആയിരുന്ന ശശിക്കെതിരെ ഡിവൈ.എഫ്.ഐ പ്രവർത്തകയുടെ പീഡന പരാതി ഉയർന്നതിനെത്തുടർന്ന് രണ്ടുവർഷം മുമ്പ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. പിന്നീട്, തിരിച്ചെടുത്തശേഷം ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുകയും ചെയ്തു. സീറ്റ് നഷ്ടപ്പെട്ടതിനുപകരം കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനം ലഭിച്ചിരുന്നു.