ദിലീപിന്റെ 150-ാം സിനിമ എന്ന പ്രത്യേകതകൊണ്ട് തന്നെ വലിയ പ്രതീക്ഷയുണർത്തുന്ന ‘പ്രിൻസ് ആർഡ് ഫാമിലി’ എന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ 30-ാം ചിത്രമാണിത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ ആദ്യ വീഡിയോ, ദി സോൾ ഓഫ് പ്രിൻസ് എന്ന പേരിൽ എത്തിയിരിക്കുന്ന വീഡിയോയിലൂടെ ചിത്രത്തിന്റെ തീം മ്യൂസിക്കും അവതരിപ്പിക്കുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരടങ്ങുന്ന വമ്പിച്ച താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. ഫാമിലി എന്റർടെയ്നറായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സനൽ ദേവാണ്. ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി 85 ദിവസം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് സിനിമ പൂർത്തിയായത്.
ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായി എത്തുമ്പോൾ, ധ്യാൻ ശ്രീനിവാസൻ ദിലീപിന്റെ അനുജന്റെ വേഷത്തിലാണ്. ജോസ് കുട്ടിയും ദിലീപിന്റെ മറ്റൊരു അനിയനായി വേഷമിടുന്നു. ബാലൻ വക്കീൽ എന്ന സിനിമയ്ക്ക് ശേഷം സിദ്ദിഖ്-ബിന്ദു പണിക്കർ കോമ്പോയിൽ ഇവരുടെ മകനായി ഒരു കഥാപാത്രം വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം ഏപ്രിലിൽ തിയറ്ററുകളിൽ എത്തും.