സിപിഎം സംസ്ഥാന സമ്മേളനം പിണറായി വിജയന്റെ പാർട്ടിയിലെ സമ്പൂർണാധിപത്യത്തെ അരക്കിട്ടുറപ്പിച്ച് സമാപിച്ചതിന് പിന്നാലെ പാർട്ടിക്കകത്ത് അസ്വസ്ഥതകൾ വളരുന്നു. പല നേതാക്കളും സിപിഎമ്മിനോട് ലാൽസലാം പറഞ്ഞൊഴിയാനുള്ള സന്നദ്ധത പരസ്യമായി തന്നെ പ്രകടിപ്പിച്ചു തുടങ്ങി. സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുതിർന്ന നേതാവ് എ പദ്മകുമാർ തനിക്കെതിരേ പാർട്ടി നടപടിയെടുത്താൽ അതിനെ ഭയക്കുന്നില്ലെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്ന.
50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്ന് പദ്മകുമാർ പറയുന്നു. ചെറുപ്പക്കാർ വരുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അവർ സംഘടനാരംഗത്ത് പ്രവർത്തിക്കാത്തവരാവരുത്. വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ചവർക്കാണ് സ്ഥാനക്കയറ്റം മുമ്പ് കിട്ടിയിട്ടുള്ളതെന്ന് പദ്മകുമാർ പറയുന്നു. പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല. 66 ൽ തന്നെ എല്ലാം ത്യജിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്മകുമാർ വ്യക്തമാക്കയുണ്ടായി.
അതൃപ്തി പരസ്യമാക്കി പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് പദ്മകുമാർ കൊല്ലത്ത് നിന്ന് മടങ്ങിയത്. നിലവിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും കരുത്തനായ നേതാവും പോരാളിയുമാണ് കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി കൂടിയായ പി ജയരാജൻ. ഇത്തവണയെങ്കിലും പി ജയരാജനെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തും എന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, പി ജയരാജന്റെ എത്രയോ ജൂനിയർ ആയ എം വി ജയരാജനെ പകരം സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. അത്യാവേശപൂർവ്വം സമ്മേളനം സമാപിച്ചുവെങ്കിലും പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ മാത്രമായിരിക്കും എന്ന തീരുമാനം പ്രവർത്തകരിൽ ആകെ മ്ലാനത പരത്തി. കണ്ണൂരിലെ പ്രവർത്തകർ തീരുമാനത്തിൽ കടുത്ത അമർഷത്തിലാണ്.
കേരളത്തിൽ മറ്റൊരു സിപിഎം നേതാവിനുമില്ലാത്ത പ്രവർത്തക പിന്തുണ ഉള്ള നേതാവാണ് പി ജയരാജൻ. സമൂഹ മാധ്യമ കൂട്ടായ്മകളിൽ പി ജെ ആർമി എന്ന പേരിൽ വലിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ കൂട്ടായ്മകളിൽ ഒറ്റക്കും തെറ്റക്കും ചില പ്രതിഷേധം ഇതിനകം ഉയർന്നിട്ടുണ്ട്. നിലവിലെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളിൽ നാലുപേർ ഒഴിച്ച് ബാക്കി എല്ലാവരും പി ജയരാജനെക്കാൾ വളരെ ജൂനിയർ ആണ്. ഇത്തവണ കൊല്ലത്ത് സമ്മേളനത്തിൽ ഉൾപ്പെടുത്തിയ എം വി ജയരാജൻ ആകട്ടെ ഡി വൈ എഫ് ഐ നേതാവായാണ് കടന്നുവന്നത്.
നിലവിലെ സെക്രട്ടറിയറ്റ് അംഗങ്ങളിൽ എം സ്വരാജ്, പി കെ ബിജു, മുഹമ്മദ് റിയാസ്, ദിനേശൻ പുത്തലത്ത്, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവർ എസ് എഫ് ഐ നേതാക്കളായിരിക്കെ സിപിഎം അമരത്തെ പ്രധാന നേതാവായിരുന്നു പി ജയരാജൻ. മന്ത്രിമാരായ സജി ചെറിയാനും വി എൻ വാസവനും ഒക്കെ ജില്ലാ സെക്രട്ടറിമാർ ആകുന്നതിനുമുമ്പ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയ നേതാവുമാണ് പി ജയരാജൻ.
അദ്ദേഹത്തെ ഒതുക്കുന്നത് ഇതാദ്യമല്ല. കോഴിക്കോട് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിൽ പി ജയരാജൻ സെക്രട്ടറിയറ്റ് അംഗമാകുമെന്നായിരുന്നു ധാരണ. എന്നാൽ, അതുണ്ടായില്ല. പിന്നീട് ലോകസഭ തെരഞ്ഞെടുപ്പിൽ വടകരയിൽ എൽ ഡി എഫ് സ്ഥാനാർഥിയാക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെയായിരുന്നു ഇത്. അവിടെ കെ മുരളീധരനോട് പരാജയപ്പെട്ടു.
തിരികെ ജില്ലാ സെക്രട്ടറി ആകുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് എം വി ജയരാജന് സെക്രട്ടറിയുടെ ചാർജ് നൽകി. ഇത്തവണ കണ്ണൂരിൽ മത്സരിച്ച് തോറ്റ എം വി ജയരാജനെ പക്ഷെ വീണ്ടും സെക്രട്ടറിയാക്കി നിലനിർത്തി. പ്രവർത്തകരുടെ പ്രതിഷേധം പരസ്യമാകും എന്നറിഞ്ഞതോടെ സിപിഎം നേതൃത്വം മുൻകയ്യെടുത്ത് ഖാദി ബോർഡ് വൈസ് ചെയർമാനാക്കി മൂലക്കിരുത്തി.
മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഇ പി ജയരാജന്റെ റിസോർട്ട് വിഷയം, ചില സിപിഎം നേതാക്കളുടെ മക്കളുടെ വഴി വിട്ട സഞ്ചാരം എന്നിവയടക്കം നിരവധി വിഷയങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ഉയർത്തി കൊണ്ടുവന്നത് പി ജയരാജനായിരുന്നു. ഇതിൽ ഒരു വിഭാഗം നേതാക്കൾ അന്നുമുതൽക്കേ ജയരാജനെതിരെ കരുക്കൾ നീക്കിതുടങ്ങിയിരുന്നു. പി ജയരാജനെ പ്രകീർത്തിച്ച് കണ്ണൂരിൻ താരകമല്ലോ എന്ന ഗാനം ചില നേതാക്കൾ വിവാദമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ പിന്തുണയും ഈ നീക്കത്തിനുപിന്നിലുണ്ടായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് തിരുവോണ നാളിൽ പി ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ആർ എസ് എസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. വധശ്രമത്തെ അതിജീവിച്ച ജയരാജൻ പിന്നീട് സിപിഎം വേദികളിൽ സജീവമാകുകയായിരുന്നു. സംസ്ഥാന സമ്മേളന തീരുമാനം വന്നതിന് സൊഷ്യൽ മീഡിയയിൽ ജയരാജന്റെ നഷ്ടത്തെ വിമർശിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അതിനിടെ, ജയരാജന്റെ മകൻ ജയിൻ രാജിന്റെ വാട്സ് ആപ്പ് സ്റ്റാറ്റസും ചർച്ചയായി.
‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ’ എന്ന എം സ്വരാജി ന്റെ വാചകമാണ് പി ജയരാജന്റെ മകൻ ജയിൻ രാജ് വാട്സ് ആപ്പിൽ സ്റ്റാറ്റസ് ആക്കിയത്. മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന കാര്യമാണ് ജയിൻ തുറന്ന് പറഞ്ഞതെന്ന രീതിയിലാണ് വ്യഖ്യാനങ്ങൾ വരുന്നത്. അതേസമയം, കണ്ണൂരിലെ മുതിർന്ന നേതാവ് എൻ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായി. ‘ഓരോ അനീതിയിലും നീ കോപത്താൽ വിറയ്ക്കുന്നുണ്ടെങ്കിൽ നീ എന്റെ സഖാവാണ്’ എന്ന വാചകമാണ് സുകന്യ പങ്കുവെച്ചത്.
മുൻ എംഎൽഎ ജയിംസ് മാത്യുവിന്റെ ഭാര്യയാണ് സുകന്യ. ജയിംസ് മാത്യു സിപിഎമ്മിന്റെ നേതൃനിരയിൽ നിന്നും നേരത്തേ ഒഴിവായിരുന്നു. എഡിഎം നവീൻ ബാബു വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തെയും കണ്ണൂർ ലോബിയെയും പ്രതിസന്ധിയിലാക്കിയതിന്റെ പേരിലാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനുവിനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതിരുന്നതെന്ന വിമർശനവുമുണ്ട്. തുടർച്ചയായി രണ്ടു വട്ടം ജില്ലയിലെ മുഴുവൻ നിയ മസഭാമണ്ഡലങ്ങളും വിജയിപ്പിച്ചിട്ടും ഉദയഭാനു തഴയപ്പെട്ടുകയായിരുന്നു.
നവീൻ ബാബു വിഷയത്തിൽ കണ്ണൂർ ലോ ബി പി.പി ദിവ്യയെ സംരക്ഷിക്കാൻ നിന്നപ്പോൾ അതെല്ലാം ഉദയഭാനുവിന്റെ ശക്തമായ നിലപാടിൽ കടപുഴകി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കേണ്ടി വന്നതും ജയിലിൽ പോകേണ്ടി വന്നതും സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാടായിരുന്നു. ഇതാണ് പിണറായിയെയും കണ്ണൂർ ലോബിയെയും ചൊടിപ്പിച്ചത്.
സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി.സുധാകരനും ഇന്നലെ രംഗത്തു വന്നിരുന്നു. പാർട്ടിയ്ക്കുവേണ്ടി ആത്മാർത്ഥമായി നിലകൊണ്ടവർക്ക് പലർക്കും കിട്ടാത്ത ആനുകൂല്യങ്ങൾ ഇന്നലെകളിൽ മറ്റു പാർട്ടികളിൽ നിന്നും ചേക്കേറുന്നവർക്ക് കിട്ടുന്നതായി ജി സുധാകരൻ തുറന്നടിച്ചിരുന്നു. പ്രധാനമായും കെ വി തോമസ് ഉൾപ്പെടെയുള്ളവരെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഈ വിമർശനങ്ങൾ അണികൾക്കിടയിലും കടുത്ത ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.