കൊച്ചി: എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റുന്നതിനെതിരെ തൃശ്ശൂരില്‍ യോഗം വിളിച്ച സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റിനെ സസ്പെന്‍ഡ് ചെയ്തു. പി കെ രാജനെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ കെ ശശീന്ദ്രന് മുന്നോട്ട് വന്നതോടെ എന്‍സിപിയില്‍ വിഭാഗീയത മറനീക്കി പുറത്തു വന്നു.
ദേശീയ സമിതി അംഗം കൂടിയായ പി കെ രാജന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ അഖിലേന്ത്യാ നേതൃത്വത്തിന് മാത്രമെ പാര്‍ട്ടി ഭരണഘടനാ പ്രകാരം അധികാരമുള്ളൂ. പ്രതികാര നടപടികളില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് പിന്മാറണമെന്ന് എ കെ ശശീന്ദ്രന് അറിയിച്ചു.
ഏതുവിധേനയും ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുമെന്ന ഉറച്ച നിലപാടിലാണ് ഔദ്യോഗിക നേതൃത്വം. എന്നാല്‍ സംസ്ഥാന നേതൃത്വത്തിനെതിരെ എല്ലാ ജില്ലകളിലും ഗ്രൂപ്പുയോഗങ്ങള്‍ വിളിച്ച് പ്രതിരോധം ശക്തമാക്കാനാണ് ശശീന്ദ്രന് ശ്രമിക്കുന്നത്.