മുംബൈ:ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട് പുറത്ത്.അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് ഇന്ത്യന്‍ ടീമിനെ അയക്കേണ്ട എന്ന തീരുമാനമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലോ ദുബായിലോ വെച്ച് നടത്തണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടെന്ന് ബിസിസിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഹൈബ്രിഡ് മോഡലില്‍ നടത്താനാണ് സാധ്യത.
പാകിസ്താനില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് അരങ്ങേറുന്നത്. പാക് ബോര്‍ഡ് നല്കിയ മത്സരക്രമം അനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ- പാകിസ്താന് മത്സരം നടക്കുക.സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പിസിബി അറിയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഈ നിര്‍ദേശവും ബിസിസിഐ തള്ളിയിരിക്കുകയാണ്.