തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പകല്‍ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിര്‍ത്തിയതെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കാക്കിയതെന്നുമാണ് സുനില്‍ കുമാറിന്റെ വെളിപ്പെടുത്തല്‍.
പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നില്‍. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അന്‍വര്‍ പറഞ്ഞ വിവരമേ ഉള്ളൂ. ബിജെപി സ്ഥാനാര്‍ഥി ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പൊലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാര്‍ക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണം. രാത്രിയില്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ ആരാണ് തീരുമാനിച്ചത്?. പൂരം കലക്കിയത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ല. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനില്‍ കുമാര്‍ പറയുന്നു.
ബിജെപി സ്ഥാനാര്‍ഥിയെ രാത്രി ആംബുലന്‍സില്‍ എത്തിച്ചത് യാദൃശ്ചികമല്ല. ആരാണ് പിന്നിലെന്ന പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം. എഡിജിപിയെ ബന്ധപ്പെടുത്തി ഒരു കമന്റ് പറയാനില്ല. തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ ആവശ്യം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.
റിപ്പോര്‍ട്ട് പുറത്തുവിട്ടാലേ ചേരയാണോ മൂര്‍ഖനാണോ എന്നറിയൂവെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.