മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള ഡ്രൈവിംങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് നിര്‍ബന്ധമാക്കി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ആംബര്‍ മഞ്ഞ നിറത്തിലുള്ള നിറമായിരിക്കും ഡ്രൈവിംങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് നല്‍കുക. ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലുമായിരിക്കും മഞ്ഞനിറം അടിക്കുക. വാഹനത്തിന്റെ മുന്നിലെ ബോണറ്റിലും ബമ്പറിലും റിയറിലെ ഡോറിലും ബമ്പറിലുമായിരിക്കും മഞ്ഞനിറം നല്‍കുക. ഡ്രൈവിംങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് മഞ്ഞ നിറം നല്‍കുന്നത് റോഡ് സുരക്ഷ പരിഗണിച്ചാണെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയും.
തിരക്കേറിയ റോഡുകളിലും മറ്റും ഡ്രൈവിംങ് പരിശീലനത്തിന് ഇറങ്ങുന്ന വാഹനങ്ങളെ റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ഈ നിറംമാറ്റം വഴിയൊരുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിനൊപ്പം വാഹനത്തില്‍ പരിചയകുറവുള്ള ഡ്രൈവര്‍മാര്‍ പരിശീലനാര്‍ഥിയായി എത്തുന്നതിനാല്‍ തന്നെ മറ്റ് ഡ്രൈവര്‍മാരില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.