കൊച്ചി: മാരക ലഹരി ഉപയോഗത്തിന്റെയും കച്ചവടത്തിന്റെയും ഞെട്ടിക്കുന്ന കഥകളാണ് ഓരോ ദിവസവും പിന്നിടുമ്പോൾ കൊച്ചി നഗരത്തിൽ നിന്നും കേൾക്കുന്നത്. കഞ്ചാവും സിന്തറ്റിക് മയക്കുമരുന്നുകളും വ്യാപകമാണ് മെട്രോ നഗരിയിൽ. സ്കൂൾ വിദ്യാർത്ഥികൾ മുതൽ ടെക്കികൾ വരെ മയക്കുമരുന്ന് മാഫിയയുടെ ഇരകളാണ്. കോടികളുടെ മയക്കുമരുന്നുകളുമായി പിടിയിലാവുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയുമാണ്. സെപ്റ്റംബറിൽ മാത്രം നഗരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 137 ലഹരി കേസുകളാണ്. 153 പേരാണ് വിവിധ കേസുകളിൽ കഴിഞ്ഞ മാസത്തിൽ അറസ്റ്റിലായത്. 83 ഗ്രാം എംഡിഎംഎയും 52 കിലോ കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടുകയും ചെയ്തിരുന്നു. സമീപകാലത്തെ അപേക്ഷിച്ച് ഏറ്റവും വലിയ ലഹരി വേട്ടയായിരുന്നു കഴിഞ്ഞമാസം നഗരത്തിൽ ഉണ്ടായത്.
ഉന്നതവിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ള ചെറുപ്പക്കാരെ വലവീശിപ്പിടിക്കാൻ ഇടനിലക്കാരും നഗരത്തിലുണ്ട്. നഗരത്തിലെ പല ഫ്ലാറ്റുകളിലും 70 ശതമാനം പേരും സ്ഥിരതാമസക്കാരല്ല. ഫർണിഷ്ഡ് ഫ്ലാറ്റുകളിലെ താമസക്കാർ ആഴ്ചകളും മാസങ്ങളും തോറും മാറിക്കൊണ്ടിരിക്കും. ഈ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ലഹരി കച്ചവടത്തിന്റെ ഇടനിലക്കാർ കച്ചവടം ഏകോപിപ്പിക്കുന്നത്. പല ഫ്ലാറ്റുകളിലും പുലർച്ചെ വരെ നീളുന്ന ലഹരിപ്പാർട്ടികൾ വരെ നടക്കുന്നുണ്ട്. ഓൺലൈനായി റൂം ബുക്ക് ചെയ്യുന്ന ഒഴിഞ്ഞ മേഖലകളിലെ ചെറുഹോട്ടലുകളും ഇവരുടെ കേന്ദ്രങ്ങൾ തന്നെയാണ്. ഒരുവശത്ത് പൊലീസും എക്സൈസും പരിശോധനകളും ലഹരിവേട്ടയും ശക്തമാക്കുമ്പോൾ, മറുവശത്ത് ലഹരി സംഘങ്ങൾ കൂണുപോലെ മുളച്ചുപൊന്തുകയാണ്.