ഭോപാൽ : മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) ചേർന്ന് നടത്തിയ റെയ്ഡിൽ 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി.
ഫാക്ടറിയിൽ ഉൽപ്പാദിപ്പിച്ചിരുന്ന എം.ഡി (മെഫെഡ്രോൺ) മയക്കുമരുന്നുകളാണ് റെയ്ഡിൽ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ഗുജറാത്ത് മന്ത്രി ഹർഷ് സാങ്വി പ്രശംസിച്ചു.
മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നിയമ നിർവഹണ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെയാണ് ഈ നേട്ടം കാണിക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിൽ അവരുടെ ശ്രമങ്ങൾ നിർണായകമാണെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.