ചെന്നൈ: വാഹനാപകട സമയത് വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽനിന്ന് ഒഴിയാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. രണ്ടുവർഷം മുൻപ് കേരള ഹൈക്കോടതി പുറപ്പെടുവിച്ച സമാനവിധി ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് എം. ദണ്ഡപാണിയുടെ ഉത്തരവ്.
അശ്രദ്ധമായി വാഹനം ഓടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് കോടതിവിധി. 37 വയസ്സുള്ള കുടുംബനാഥന്റെ മരണത്തിൽ 65 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 27,65,300 രൂപ നൽകാനാണ് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ ഉത്തരവിട്ടത്.
വണ്ടിയോടിച്ചയാൾ അപകടം നടന്നപ്പോൾ മദ്യപിച്ചിരുന്നെന്ന് കാരണം പറഞ്ഞ് ട്രിബ്യൂണൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽനിന്ന് ഇൻഷുറൻസ് കമ്പനിയെ ഒഴിവാക്കി. തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. 30,25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച കോടതി അധികം വരുന്ന പണം ഇൻഷുറൻസ് കമ്പനി നൽകണം എന്ന് നിർദേശിച്ചു.