മുംബൈ: അനാവശ്യമായി ആളുകളെ കേസിൽ കുരുക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമവിധേയമായി പ്രവർത്തിക്കണമെന്നും ഇ.ഡിയോട് നിർദേശിച്ച് ബോംബെ ഹൈക്കോടതി. കൂടാതെ അന്വേഷണ ഏജൻസിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. സിവിൽ തർക്കം ക്രിമിനൽ കേസാക്കി കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതിനെയാണ് കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചത്. വഞ്ചനക്കേസിൽ വിശദ പരിശോധനയില്ലാതെ ഇ.ഡി സാമ്പത്തിക കുറ്റകൃത്യത്തിന് കേസെടുത്തെന്ന പരാതിയിൽ ആയിരുന്നു കോടതിയുടെ നിരീക്ഷണം.
രാകേഷ് ജയിന് എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ പ്രത്യേക കോടതി സ്വീകരിച്ച നടപടി (സമന്‍സ് / നോട്ടീസ്) ഹൈക്കോടതി റദ്ദാക്കി. ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും പൗരരെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.