തിരുവനന്തപുരം: സനാതന ധര്‍മ്മത്തിന്റെ വക്താവായി ഗുരുവിനെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശം. സനാതന ധര്‍മ്മത്തിന്റെ വക്താവായി ഗുരുവിനെ മാറ്റാന്‍ ശ്രമിക്കുന്നവരെ ചെറുത്ത് തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരുവെന്നും ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദര്‍ശനത്തില്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തില്‍ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. മനുഷ്യത്വത്തിന്റെ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത്.
സനാതന ധര്മത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണ്. സാമൂഹിക പരിഷ്കര്‍ത്താവായ ഗുരുവിനെ മതനേതാവാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. ജനാധിപത്യം അലര്‍ജിയാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.