ചണ്ഡീഗഢ്: പാലത്തിൽ നിന്ന് ബസ് മറിഞ്ഞ് എട്ട് മരണം. പഞ്ചാബിലെ ബട്ടിൻഡയിലാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തൽവണ്ടി സാബോ എന്ന പ്രദേശത്ത് നിന്ന് ബട്ടിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപെട്ടത്.
ബസ്സിൽ 20-ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. എൻ.ഡി.ആർ.എഫ് സംഘത്തിന്റേയും പോലീസിന്റേയും പ്രദേശവാസികളുടേയും നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. .അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി ബട്ടിൻഡ അർബൻ എം.എൽ.എ. ജഗ്രൂപ് സിങ് ഗിൽ അറിയിച്ചു. നിലവിൽ 18 യാത്രക്കാരാണ് ചികിത്സയിൽ. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ഗിൽ കൂട്ടിച്ചേർത്തു.