കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. ബെല്‍സ്റ്റാർ എന്ന സ്വകാര്യ സ്ഥാപനത്തില്‍നിന്നും 35,000 രൂപ വായ്പ എടുത്ത തുകയില്‍ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പാറപ്പുറം സ്വദേശിയായ ആറാട്ടുകുന്നേല്‍ വീട്ടില്‍ സുരേഷ് കുമാർ എന്നയാളാണ് ആക്രണത്തിനിരയായത്. സ്ഥാപനത്തിലെ ജീവനക്കാർ കുടിശ്ശിക വരുത്തിയത് ചോദ്യം ചെയ്ത് സുരേഷ് കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് തവണയായി 10,000 രൂപയായിരുന്നു കുടിശ്ശിക. തർക്കത്തിന് പിന്നാലെ വീടിന്റെ സിറ്റ്ഔട്ടില്‍ വച്ചിരുന്ന പ്ലാസ്റ്റർ ഓഫ് പാരീസില്‍ ഉണ്ടാക്കിയ ആനയുടെ പ്രതിമയെടുത്ത് സുരേഷ് കുമാറിനെ പ്രതികളിലൊരാള്‍ ആക്രമിച്ചു. സുരേഷ്കുമാർ ഒഴിഞ്ഞുമാറിയെങ്കിലും ചെവിക്ക് പരിക്കുപറ്റി.
സംഭവത്തിനു പിന്നാലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനില്‍ സുരേഷ്കുമാർ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടകം പള്ളം നടുപ്പറമ്ബില്‍ വീട്ടില്‍ ജാക്സണ് മാർക്കോസിനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ഏറ്റുമാനൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.