ഒരു മനുഷ്യൻ ചെയ്യുന്ന ജോലികളെക്കാൾ നിർമിത ബുദ്ധി (എഐ) ചെയ്യുന്നതിനാൽ ഇനി ജീവനക്കാരെ എടുക്കുന്നത് നിർത്തിവെച്ച് ഫിൻടെക് കമ്പനി. സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻഡെക് കമ്പനിയായ ക്ലാർണയാണ് എഐ കാരണം പുതിയ ജീവനക്കാരെ കമ്പനിയിലേക്കെടുക്കുന്നത് നിർത്തിവെച്ചിരിക്കുന്നത്. കമ്പനിയിലെ മനുഷ്യന്മാരായ ജീവനക്കാരെക്കാളും എഐ കൃത്യമായി ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നുയുണ്ടെന്ന് അറിയിച്ചുകൊണ്ട് ക്ലാർണയുടെ സിഇഒ സെബാസ്റ്റ്യൻ സീമിയ്റ്റ്കോവ്സ്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വീഡിഷ് കമ്പനിയുടെ ഈ തീരുമാനം ഭാവിയിൽ മനുഷ്യൻ്റെ ജോലി സാധ്യതയുമായി ബന്ധപ്പെട്ട് വലിയ ചോദ്യ ചിഹ്നം ഉയർത്തുകയാണ്.
കഴിഞ്ഞ ഒരു വർഷമായി ക്ലർണ ജോലിക്കായി പുതിയ ജീവനക്കാരെ കണ്ടെത്തുന്നില്ല. ഇത് കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ജോലികൾ എഐക്ക് നൽകിയതോടെ ക്ലാർണയിലെ ജീവനക്കാരുടെ എണ്ണം 4,500ൽ നിന്ന് 3,500 ആയി. ആരെയും പറഞ്ഞ് വിടാതെ സാധാരണ കമ്പനികളിൽ നിന്നും ജീവനക്കാർ പിരിഞ്ഞ് പോകുന്നതിലൂടെ ഉണ്ടായ കുറവാണിത്. പിരിഞ്ഞ് പോയവർക്ക് പകരം പുതുതായി മറ്റൊരാളെ കണ്ടെത്തുന്നതിന് പകരം ആ ജോലികൾ കമ്പനി എഐക്ക് നൽകിയെന്ന് ക്ലാർണ സിഇഒ സെബാസ്റ്റ്യൻ സീമിയ്റ്റ്കോവ്സ്കി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.