മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന ബസൂക്ക ഏപ്രില്‍ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മമ്മുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ബസൂക്ക ഫെബ്രുവരി 14 ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ബസൂക്കയുടെ റിലീസ് നീട്ടുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം വന്നത്.
മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കില്‍ വിന്റേജ് കാറിന് മുന്നില്‍ നില്ക്കുന്ന ഫോട്ടോയടങ്ങുന്ന പോസ്റ്ററുമായാണ് ബസൂക്കയുടെ അനൗണ്‍സ്മെന്റ് പുറത്തുവന്നിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ബസൂക്ക. കഴിഞ്ഞ ഓണത്തിന് പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും റിലീസ് മാറ്റി. പിന്നീട് അനിശ്ചിതമായി റിലീസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബസൂക്കയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. ഒടുവില്‍ പ്രണയദിനത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് വാര്‍ത്തകള്‍ വന്നു. കഴിഞ്ഞ ദിവസം പ്രണയദിനത്തിലും ബസൂക്ക എത്തില്ലെന്ന വാര്‍ത്ത വന്നതോടെ ആരാധകര്‍ കടുത്ത നിരാശയിലായി. ഇതേ തുടര്‍ന്നാണ് ബസൂക്കയുടെ വേള്‍ഡ് വൈഡ് റിലീസ് ഏപ്രില്‍ 10 നുണ്ടാവുമെന്ന അറിയിപ്പുവന്നത്.
മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബസൂക്ക. മോഹന്‍ലാലല്‍ നായകനാവുന്ന പൃഥ്വിരാജ് ചിത്രം എമ്പുരാന് മാര്‍ച്ച് 28 ന് പ്രദര്‍ശനത്തിനെത്തുന്നതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ ബസൂക്കയും തിയേറ്ററുകളില്‍ എത്തുക. മമ്മൂട്ടിക്കൊപ്പം ഗൗതംമേനോന്‍, ജഗദീഷ്, ഷൈന്‍ടോം ചാക്കോ, ഭാമ അരുണ്‍, ഐശ്വര്യമേനോന് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ ജോണറില്‍ ഉള്‍പ്പെടുന്നതാണ്. ‘നല്ലതും ചീത്തയും തമ്മിലുള്ള കളി’ എന്ന പ്ലോട്ടിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഡീനോ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. സംഗീതം മിഥുന് മുകുന്ദന്