സിപിഎമ്മിന്റെ പക നിറഞ്ഞ മനസ്ഥിതി കേരള ജനത അനവധി തവണ കണ്ടിട്ടുള്ളതാണ്. ഈ തലമുറയിൽ തന്നെ ടി പി ചന്ദ്രശേഖരനും മട്ടന്നൂരിലെ ശുഹൈബും പെരിയയിലെ ശരത് ലാലും കൃപേഷുമെല്ലാം സിപിഎമ്മിന്റെ അരുംകൊല രാഷ്ട്രീയത്തിന്റെ ഇരകളായിരുന്നു. ഈ കൊലപാതകങ്ങൾ എല്ലാം നടന്നപ്പോൾ തന്നെ തങ്ങൾക്ക് ഇതിൽ ബന്ധമില്ലെന്ന സ്ഥിരം പല്ലവി ആയിരുന്നു സിപിഎം ഉയർത്തിയിരുന്നത്. പിന്നീട് അന്വേഷണം സിപിഎമ്മിലേക്ക് തന്നെ എത്തിയപ്പോൾ ചില കേസുകളിൽ വാടക കൊലയാളികളെ നൽകിയും വേണ്ട സഹായങ്ങൾ ചെയ്തും പാർട്ടി അടവ് നയം സ്വീകരിക്കുകയായിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ മികച്ചൊരു ടീമിനെ തന്നെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. ആ ടീമിന്റെ നിരന്തര ഇടപെടലുകൾ ടിപി വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതിയിലേക്ക് എത്തിക്കുകയും ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യുന്നതിന് കാരണമായിട്ടുണ്ട്. അതിനുശേഷം പിന്നെയും ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. സ്വാഭാവികമായും സിപിഎം പ്രതിസ്ഥാനത്ത് വന്നിട്ടുള്ള കേസുകളും ഉണ്ടായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന മട്ടന്നൂരിലെ ശുഹൈബിനെ കൊന്ന കേസിലെ പ്രതി വാടക കൊലയാളി ആണെന്ന് പറയപ്പെടുമ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ആകാശ് തില്ലങ്കേരി കമ്മ്യൂണിസ്റ്റ് താരമാണ്.
പെരിയ ഇരട്ട കൊലക്കേസിൽ പ്രതികളുടെ സംരക്ഷണത്തിന് സിപിഎമ്മും സർക്കാരും ഏതറ്റം വരെ പോയെന്ന് എല്ലാവർക്കും അറിവുള്ളതാണ്. സിബിഐ അന്വേഷണത്തെ എതിർക്കുവാൻ വേണ്ടി സുപ്രീംകോടതി വരെ അന്ന് സർക്കാരും സിപിഎമ്മും പോയെങ്കിലും കോടതി കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പം നിലകൊള്ളുകയായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി രണ്ടുകോടി രൂപയിൽ ഏറെയാണ് അന്ന് സർക്കാർ സുപ്രീംകോടതിയിൽ ചെലവഴിച്ചത്. ഇന്നിപ്പോൾ ജയിലിൽ തുടരുന്ന പെരിയ കൊലക്കേസിലെ സിപിഎം പ്രവർത്തകരുടെ നിയമ പോരാട്ടങ്ങൾക്ക് പണപ്പിരിവ് തുടങ്ങിയിരിക്കുകയാണ് സിപിഎം. ജില്ലയിലെ പാർട്ടി അംഗങ്ങളോട് 500 രൂപ വീതം നൽകാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ അംഗങ്ങളിൽ നിന്ന് രണ്ട് കോടി സമാഹരിക്കാനാണ് ലക്ഷ്യം. കേസിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾ അടക്കമുള്ളവർക്കായി നിയമപോരാട്ടം നടത്താനാണ് പണപ്പിരിവ്. ഇതിനായി ജോലിയുള്ള സിപിഎം അംഗങ്ങൾ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് പാർട്ടി ഉത്തരവ്. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നൽകണം. രണ്ട് കോടി രൂപ ഈ രീതിയിൽ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
സ്പെഷൽ ഫണ്ടെന്ന പേരിലാണ് പണം പിരിക്കുന്നത്. കേസിൽ സിബിഐ കോടതി ഇക്കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്. 10 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ . കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചിരുന്നു. അതിനിടെ കോടതി ശിക്ഷിച്ച മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങിയ നേതാക്കൾക്ക് സിപിഎം പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്.
ഹൈക്കോടതി ശിക്ഷ തടഞ്ഞതോടെയായിരുന്നു നേതാക്കൾ പുറത്തിറങ്ങിയത്. കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവരാണ് പ്രതികളെ സ്വീകരിക്കാനായി ജയിലിൽ എത്തിയത്. കാസർകോട് നിന്നുള്ള കൂടുതൽ നേതാക്കളും പ്രവർത്തകരും ജയിലിലെത്തിയിരുന്നു. ജയിലിൽ നേതാക്കളെ സ്വീകരിക്കുവാൻ എത്തിയവരുടെ കൂട്ടത്തിൽ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് പറയപ്പെടുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും ഉണ്ടായിരുന്നു. ഇത്തരം സമീപനങ്ങളിലൂടെ സിപിഎം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്നാണ് പലരും ചോദിക്കുന്നത്. രണ്ടു ചെറുപ്പക്കാരെ ഇല്ലാതാക്കിയവരെ നീതിന്യായ സംവിധാനങ്ങൾ കാരാഗ്രഹത്തിലേക്ക് അടയ്ക്കുമ്പോഴും അവർക്ക് സംരക്ഷണം ഒരുക്കുന്നതിലൂടെ സിപിഎം എന്താണ് പറഞ്ഞുവെക്കുന്നത്..?