വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് ഗോകുലിന്റേത് കൊലപാതകമെന്ന് കുടുംബം. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ തൂങ്ങി മരിച്ചെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറഞ്ഞു. ഗോകുലിനെ കിട്ടിയാല്‍ വിടില്ലെന്ന് കല്‍പ്പറ്റ സിഐ പറഞ്ഞതായും കുടുംബം ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 27നാണ് ഗോകുലിനേയും സുഹൃത്തായ പെൺകുട്ടിയേയും കാണാതായത്. അന്വേഷണത്തിനിടെ മാര്‍ച്ച് 31ന് വൈകിട്ടോടെ ഇരുവരെയും കോഴിക്കോട് നിന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഇരുവരേയും കല്‍പ്പറ്റയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഗോകുലിനെ പോലീസ് സ്റ്റേഷനില്‍ തന്നെ നിർത്തുകയായിരുന്നു. രാവിലെ 7.45 നാണ് ഗോകുൽ ശുചിമുറിയിലേക്കു പോയത്. പത്തു മിനിറ്റ് കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിൽ സംശയം തോന്നിയതിനാൽ വിളിച്ചു നോക്കി. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോൾ ഷർട്ടിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതിനിടെ ഗോകുലിന് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. നിയമവിരുദ്ധമായാണ് പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ സ്റ്റേഷനില്‍ എത്തിച്ചത്. ആധാര്‍ കാര്‍ഡില്‍ 2007 മെയ് 30 ആണ് ഗോകുലിന്റെ ജനന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഗോകുലിന് 17 വയസും 10 മാസവുമാണ് പ്രായം. എഫ്ഐആറില്‍ പോലീസ് രേഖപ്പെടുത്തിയത് ഗോകുലിന്റെ ജനനവര്‍ഷം മാത്രമാണ്. ജനനത്തീയതി തെളിയിക്കുന്ന രേഖകളെല്ലാം പോലീസ് കസ്റ്റഡിയിലാണ്. 17 വയസുകാരനെ പ്രായപൂര്‍ത്തിയായതായി കാണിച്ചതിന് പിന്നിൽ പോക്സോ കേസില്‍ പ്രതി ചേർക്കാനുള്ള നീക്കമായിരുന്നെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.
ഗോകുലിന്റെ മരണത്തിൽ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തെത്തി. മരണത്തിൽ ദുരൂഹത ഉണ്ടെന്നും ഉന്നത തല അന്വേക്ഷണം വേണമെന്നും സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.