കൊച്ചി: മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന് എന്ന ‘മാക്ട’യുടെ മുപ്പതാം വാര്‍ഷികം സെപ്റ്റംബര്‍ ഏഴിന് എറണാകുളം ടൗണ്‍ഹാളില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് മാക്ടയുടെ മുതിര്‍ന്ന അംഗവും സംവിധായകനുമായ ശ്രീ ജോഷി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ചലച്ചിത്രതാരം അപര്‍ണ ബാലമുരളി ചടങ്ങിന് ഭദ്രദീപം തെളിയിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ചലച്ചിത്ര ആസ്വാദകരുമായി ചേര്‍ന്ന് സിമ്പോസിയം നടക്കും. തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്കരന് ,സഞ്ജയ് ബോബി ,സംവിധായന് ജൂഡ് ആന്റണി ജോസഫ്, ഫാദര്‍ അനില്‍ ഫിലിപ്പ് ,പ്രമുഖ സഞ്ചാരസാഹിത്യകാരന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര, ഭാഗ്യലക്ഷ്മി എന്നിവര്‍ പങ്കെടുക്കും. ഡോക്ടര്‍ അജു കെ നാരായണന് മോഡറേറ്റര്‍ ആയിരിക്കും. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ മാക്ട കുടുംബ സംഗമം നടക്കും.
അംഗങ്ങളുടെ കലാപരിപാടികള്‍ ,മത്സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 5 മണി മുതല്‍ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അഭിമാനപുരസ്കാരമായ മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശംസാപത്രവുമാണ് സമ്മാനിക്കുക. തുടര്‍ന്ന് മാക്ടയുടെ ഫൗണ്ടര്‍ മെമ്പര്‍മാരായ ജോഷി ,കലൂര്‍ ഡെന്നിസ്, ട ചസ്വാമി ,ഷിബു ചക്രവര്‍ത്തി ,ഗായത്രി അശോക് ,രാജീവ് നാഥ് ,പോള്‍ ബാബു ,റാഫി ,മെക്കാര്‍ട്ടിന്‍ എന്നിവരെ ആദരിക്കും. 24 ഗായകര്‍ ഒന്നിക്കുന്ന സംഗീതസന്ധ്യ, ചലച്ചിത്രതാരം സ്വാസികയും മണിക്കുട്ടനും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ , സ്റ്റാന്‍ഡ് അപ്പ് കോമഡി , മാക്ട അംഗങ്ങള്‍ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റ് എന്നിവ ഉണ്ടായിരിക്കും. മാക്ട @30എന്ന നാമകരണം ചെയ്തിരിക്കുന്ന ഈ വാര്‍ഷിക സമ്മേളനത്തില്‍ ‘മാക്ട ചരിത്രവഴികളിലൂടെ ‘എന്ന ഡോക്യുമെന്ററിയും ശ്രീകുമാരന്‍ തമ്പിയെക്കുറിച്ചുള്ള ലഘുചിത്രവും പ്രദര്‍ശിപ്പിക്കും.