വാഷിങ്ടൺ: അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ച് ആദ്യമായി ഒരു മനുഷ്യ ജീവൻ നഷ്ടപ്പെട്ടു. ലൂസിയാനയിൽ 65 വയസ്സുള്ള ഒരാളാണ് ഈ മാരക രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഡിസംബർ പകുതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ശ്വാസകോശ സംബന്ധമായ ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇയാൾക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും ഇത് ചികിത്സയെ കുറച്ച് പ്രതിസന്ധിയിലാക്കിയെന്നുമാണ് ലൂസിയാന ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.പക്ഷിപ്പനി വൈറസിന്റെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത കുറവായതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ പക്ഷികൾ, കോഴികൾ, പശുക്കൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടിച്ചിട്ടുണ്ട്.
H5N1 വൈറസ് ബാധിച്ച ഈ രോഗിയുടെ കേസ് രാജ്യത്തുടനീളമുള്ള രോഗികളിൽ നിന്ന് വ്യത്യസ്തമാണെന്നും ലൂസിയാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗിയിൽ കണ്ടെത്തിയ വൈറസിന്റെ ജനിതക ക്രമത്തിൽ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ 2024 തുടക്കത്തിലാണ് മനുഷ്യരിൽ പക്ഷിപ്പനി കേസുകൾ ആദ്യമായി രേഖപ്പെടുത്തിയത്. 2024 ഡിസംബറിൽ രാജ്യത്ത് ഗുരുതരമായ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലൂസിയാനയിൽ ഈ മരണം സംഭവിച്ചതെന്ന സിഡിസി (Centers for Disease Control and Prevention) വ്യക്തമാക്കുന്നു.