വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിത ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ (59) വത്തിക്കാനിലെ ഒരു പ്രധാന ഓഫീസിന്റെ മേധാവിയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. സന്ന്യാസസഭാ വിഭാഗങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്ന ‘കൂരിയ’യുടെ പ്രിഫെക്ട് സ്ഥാനം സീ. ബ്രാംബില്ലയ്ക്കാണ് ലഭിച്ചത്. ഇതാദ്യമായാണ് ഒരു വനിത വത്തിക്കാനിലെ ഇത്തരത്തിലുള്ള ഉയർന്ന സ്ഥാനത്തേക്ക് എത്തുന്നത്.
ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബ്രാംബില്ലയെ സഹായിക്കാൻ പ്രോ-പ്രിഫെക്ട് ആയി കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെയെ പാപ്പ നിയമിച്ചു. ചില കൂദാശാകർമ്മങ്ങൾ, ദിവ്യബലി ഉൾപ്പെടെ, പ്രിഫെക്ട് നിർവഹിക്കേണ്ടതുണ്ട്. പുരോഹിതരിൽ മാത്രമേ ഇതിനുള്ള അധികാരം നിലവിൽ ഉള്ളൂ എന്നതിനാലാണ് ആർട്ടിമെയുടെ നിയമനം നടന്നത്.
സന്ന്യാസി സമൂഹമായ കൊൺസൊലേറ്റ മിഷനറീസിലെ അംഗമായ ബ്രാംബില്ല ആദ്യകാലത്ത് ഒരു നഴ്സായിരുന്നു. പുരോഹിതനാക്കാതെ തന്നെ സ്ത്രീകളെ കത്തോലിക്കാ സഭയുടെ ഉന്നതസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാമെന്ന് പാപ്പയുടെ നിലപാട് വ്യക്തമാക്കുന്ന പുതിയൊരു ഉദാഹരണമാണ് ഈ നിയമനം.