അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോ മേഖലയിലുള്ള ഖനിയിൽ വെള്ളപ്പൊക്കം. ഇന്നലെ രാവിലെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഖനിക്കുള്ളിൽ 18 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിത ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെങ്കിലും ഇതുവരെ പുറത്തെത്തിച്ചില്ലെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. എസ് ഡി ആർഎഫ്, എൻഡിആർഎഫ് സേനാംഗങ്ങളും അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ് . മൂന്നുറടിയോളം താഴ്ച്ചയുള്ള ഖനിയിൽ നൂറടി താഴ്ച്ചയിൽ വരെ വെള്ളം കയറി. മേഘാലയ അതിർത്തിയോട് ചേർന്ന മേഖലയിലാണ് അപകടം സംഭവിച്ച കൽക്കരി ഖനി സ്ഥിതി ചെയ്യുന്നത്.