വഡോദര: ഗുജറാത്തിലെ വഡോദരയിൽ രണ്ടാം ദിവസവും കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം നാശം വിതക്കുന്നു. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയെങ്കിലും ഇപ്പോഴും പ്രദേശത്ത് കാര്യക്ഷമായി പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന പരാതികൾ ഉയർന്നിട്ടുണ്ട്.
പല സ്ഥലങ്ങളിലും 10 മുതൽ 12 അടി വരെ വെള്ളം പൊങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രിയും സർക്കാറിന്റെ വക്താവുമായ റുഷികേശ് പട്ടേൽ പറഞ്ഞു.മൂന്ന് ദിവസത്തിനിടെ 15 പേരാണ് വെള്ളപ്പൊക്കം മൂലം മരിച്ചത്.
വെള്ളപ്പൊക്കം മൂലം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും ഇതുമൂലം ഭക്ഷണം പോലും വാങ്ങാൻ സാധിക്കുന്നില്ലെന്നും വഡോദരയിലെ ദുരിതബാധിതരിൽ ഒരാളായ സ്ത്രീ പറഞ്ഞു. ആരും സഹായവുമായി എത്തിയിട്ടില്ല. തന്റെ പിതാവിന് നടക്കാൻ സാധിക്കില്ല. ദിവസങ്ങളായി എന്തെങ്കിലും കഴിച്ചിട്ട്. രാത്രിയും പകലും ഉറങ്ങാതെ കഴിയുകയാണെന്നും അവർ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.
ഇതേ അനുഭവം തന്നെയാണ് പ്രദേശത്തെ പലർക്കും പറയാനുള്ളത്. രക്ഷാപ്രവർത്തകർ എത്താത്തത് മൂലം പലരേയും ഇവിടെ നിന്ന് മാറ്റാൻ സാധിച്ചിട്ടില്ല. എന്നാൽ, ദുരിതബാധിതർക്ക് ഭക്ഷണം അടക്കമുള്ളവ അധികൃതർ എത്തിച്ച് കൊടുക്കുന്നുമില്ല. ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.