കൊച്ചി: കൊച്ചിയിലെ എൻസിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയിൽ പൊലീസ് അന്വേഷണം. ക്യാമ്പിലെ ഭക്ഷണവും വെള്ളവും ഉപയോഗിച്ചതിനുശേഷം ആണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നത്. രണ്ടുദിവസമായി വിദ്യാർത്ഥികളിൽ ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഇന്നലെയോടെ കൂടുതൽ പേർ ക്ഷീണിതരാവുകയായിരുന്നു. ചിലർക്ക് വയറുവേദനയും മറ്റു ചിലർക്ക് ഛർദ്ദിയും അനുഭവപ്പെട്ടു.
നിലവാരമില്ലാത്ത ഭക്ഷണമാണ് ക്യാമ്പിൽ നിന്ന് നൽകിയതെന്ന പരാതിയും ഉയരുന്നുണ്ട്. തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ പങ്കെടുത്ത 50ലധികം വരുന്ന വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആരുടെയും നില ഗുരുതരമല്ല. വിദ്യാർത്ഥികളെ അത്യാഹിത വിഭാഗത്തിൽ നിന്നും വാർഡുകളിലേക്ക് മാറ്റി.