ജപ്തി നടപടികൾ കാരണം ആത്മഹത്യ ചെയ്തുവെന്ന വാർത്തകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തവര്‍ തിരിച്ചടവ് മുടങ്ങിയത് കൊണ്ട് വലിയ തോതിൽ ജപ്തി ഭീഷണി നേരിട്ടിരുന്നു. ചിലരാകട്ടെ ഇപ്പോഴും അത്തരത്തിലുള്ള ഭീഷണികൾ നേരിടുകയാണ്. കോടതികളുടെ വരെ ഇടപെടലുകളെ പരിമിതപ്പെടുത്തുന്ന ശക്തമായ നിയമങ്ങളാണ് ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അനുകൂലമായുള്ളത്. വായ്പ അടയ്ക്കാതെ വരുമ്പോൾ വസ്തു ജപ്തി ചെയ്ത് ലേലത്തില്‍ വച്ചൊ വില്‍പ്പന നടത്തിയൊ തങ്ങള്‍ക്കുണ്ടായിരിക്കുന്ന സാമ്പത്തിക നഷ്ടം ബാങ്കുകള്‍ക്ക് നികത്താം. ഇത്തരം നടപടികള്‍ക്ക് ബാങ്കിന് വിപുലമായ അധികാരം നല്കുന്ന നിയമമാണ് സര്‍ഫാസി നിയമം എന്ന ചുരുക്ക പേരിലറിയപ്പെടുന്ന 2002 ലെ സെക്യുരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സറ്റ്സ് ആന്റ് എന്ഫോര്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് എന്നത്. സര്‍ഫാസി നിയമം ബാങ്കിന്റെ അസ്സറ്റ് ഏറ്റെടുക്കല്‍ നടപടിക്ക് ഇരയാക്കപ്പെടുന്നവര്‍ക്ക് സമീപിക്കാവുന്ന സംവിധാനങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. 2002 ലെ സര്‍ഫാസി നിയമത്തില്‍ ഇത്തരത്തില്‍ ട്രിബ്യൂണലിനെ സമീപിക്കുന്നതിന് മൊത്തം തുകയുടെ 75 % കെട്ടി വക്കണം എന്ന വ്യവസ്ഥയുണ്ടായിരുന്നു. പിന്നീട് സുപ്രീം കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കി.
അതു കൊണ്ട് നിലവില്‍ ട്രിബ്യൂണലിനെ സമീപിക്കാന്‍ പണം കെട്ടി വക്കേണ്ട കാര്യമില്ല. കോസ് ഓഫ് ആക്ഷന്‍ അഥവാ ബാങ്ക് നടപടി സ്വീകരിച്ച സ്ഥലത്തൊ, സ്വത്ത് ഉള്ള സ്ഥലത്തൊ ബാങ്കിന് ബ്രാഞ്ച് ഉള്ളയിടത്തൊ ജുറീസ്ഡിക്ഷന്‍ ഉള്ള ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലാണ് സമീപിക്കേണ്ടത്. ഇത്തരമൊരു അപേക്ഷ ലഭിച്ചാല്‍ ട്രിബ്യൂണല്‍ പരിശോധിക്കേണ്ടത് ബാങ്ക് നടപടി സ്വീകരിക്കുമ്പോള്‍ ആക്ടിലെ വ്യവസ്ഥകള്‍ ഒക്കെ കൃത്യമായി പാലിച്ചിട്ടുണ്ടൊ എന്നതാണ്. ഇത്തരത്തില്‍ ഏതെങ്കിലും വ്യവസ്ഥ പാലിച്ചിട്ടില്ല എന്ന് ട്രിബ്യൂണലിന് oബാധ്യപ്പെട്ടാല്‍ ബാങ്ക് സ്വീകരിച്ച നടപടികളെ അസാധുവാക്കാന്‍ ട്രിബ്യൂണലിന് അധികാരമുണ്ട്. എന്നാല്‍ ബാങ്ക് സര്‍ഫാസി നിയമത്തിലെയും ചട്ടങ്ങളിലെയും നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെങ്കില്‍ ട്രിബ്യൂണല്‍ ബാങ്കിന് സ്വത്ത് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അധികാരം നല്‍കും. സ്വത്ത് ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നത് 2002 ലെ സെക്യുരിറ്റി ഇന്ററസ്റ്റ് (എന്ഫോര്സ്മെന്റ്) റൂള്‍സ് അനുസരിച്ചാണ്. റൂള്‍ 8 അനുസരിച്ച് സ്ഥലമുടമക്ക് ബാങ്ക് ആദ്യം നല്‍കേണ്ടത് പൊസഷന്‍ നോട്ടീസാണ്. ഇത്തരമൊരു നോട്ടീസ് നല്‍കുന്നതോടെ പൊസഷന്‍ ബാങ്കിന്റെ കയ്യിലാകുന്നു. തുടര്‍ന്ന് 7 ദിവസത്തിനുള്ളില്‍ ബാങ്ക് പൊസഷന്‍ ഏറ്റെടുത്ത നോട്ടീസ് പത്രത്തില്‍ പരസ്യം ചെയ്യണം..കൂടാതെ വസ്തു കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ഉടമക്ക് സെയിൽ നോട്ടീസ് കൊടുക്കേണ്ടതാണ്. അവസാന ശ്രമമെന്ന തരത്തില്‍ ലോണ്‍ എടുത്ത കടക്കാരന് ചെയ്യാവുന്ന ഒരു കാര്യം ഹൈക്കോടതിയെ സമീപിക്കുക എന്നതാണ്. ഹൈക്കോടതി ഇത്തരം കേസുകളില്‍ തുക അടക്കാന്‍ കുറച്ച് സാവകാശം കൊടുക്കാറുണ്ട്. ഈ സാവകാശത്തില്‍ ബാങ്കിന് കൊടുക്കാവുന്ന പണം കണ്ടെത്താനായാല്‍ സ്വത്ത് നഷ്ടപ്പെടില്ല. ബാങ്കുകളുടേയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടേയും ഏറ്റവും വലിയ വരുമാനമാണ് ലോണുകള്‍. അതിന്റെ തിരിച്ചടവില്‍ നിന്ന് ലഭിക്കുന്ന പലിശയാണ് അവരുടെ ലാഭം. ലോണ്‍ എടുക്കുന്നയാളുകളെ സംബന്ധിച്ചിടത്തോളം അത് ഒരു സ്വപ്ന സാക്ഷാത്കാരത്തിനൊ കച്ചവടത്തിനൊ കൃഷിക്കൊ ഒക്കെ ആയിരിക്കും. ബാങ്കുകള്‍ക്കിത് പക്ഷെ ബിസിനസ്സാണ്. തിരിച്ചടവ് മുടങ്ങിയവരില്‍ നിന്ന് പണം ഈടാക്കാന്‍ ശക്തമായ നിയമങ്ങളാണ് രാജ്യത്തുള്ളത്. കുറച്ച് സമയം വാങ്ങി നല്‍കാം എന്നത് മാത്രമാണ് തിരിച്ചടവ് മുടങ്ങിയ ആള്‍ക്ക് വേണ്ടി നിയമവ്യവസ്ഥക്ക് ചെയ്യാനാകൂ. എപ്പോഴും വായ്പകൾ എടുക്കുമ്പോൾ ആവർത്തിച്ചുള്ള ചിന്തയും മുൻകരുതലകളും അനിവാര്യമാണ്.