തമിഴ്നാട് : തമിഴ്നാട് തിരുവണ്ണാമലയിൽ മോക്ഷം ലഭിക്കാൻ വിഷം കഴിച്ച് നാല് പേർ മരിച്ചു. ചെന്നൈ സ്വദേശികളായ മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തിരുവണ്ണാമല ആശുപത്രിയിലേക്ക് മാറ്റി.
മോക്ഷപ്രാപ്തിക്കായി ജീവൻ അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും മൊബൈൽ വീഡിയോ ക്ലിപ്പും പൊലീസ് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാലാണ് തിരുവണ്ണാമലയിൽ എത്തിയെന്നും ലക്ഷ്മി ദേവിയുടെ കാൽചുവട്ടിലേക്ക് പോകുന്നുവെന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.
വെള്ളിയാഴ്ചയാണ് നാലുപേരും സ്വകാര്യ ഫാം ഹൗസിൽ മുറിയെടുത്തത്. രാവിലെയായിട്ടും ഇവരെ റൂമിന് പുറത്തേക്ക് കാണാതിരുന്നതോടെ ഫാം ഹൗസിലെ ആളുകൾ നടത്തിയ അന്വേഷണത്തിലാണ് ഇവരെ റൂമിനുള്ളിൽ മരിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു.