കാസർഗോഡ്: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ സിപിഐക്കെതിരെ വിമർശനം. മുന്നണി മര്യാദകൾ പാലിക്കുന്നില്ല എന്ന വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. അതോടൊപ്പം തന്നെ സർക്കാരിനെ വിമർശിച്ചും സമ്മേളനത്തിൽ പ്രമേയങ്ങൾ എത്തി. വൻകിട പ്രവർത്തനങ്ങൾക്ക് പിന്നാലെ പോകുന്നതിനു പകരം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുക ആണ് വേണ്ടതെന്നും ക്ഷേമപെൻഷൻ ക്ഷേമനിധി തുടങ്ങിയ ദുർബല ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടൽ ഉണ്ടാകണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
മൈക്ക് ഓപ്പറേറ്റർമാരോട് മോശമായി പെരുമാറുന്നത് കമ്മ്യൂണിസ്റ്റ് രീതി അല്ലെന്നും വിമർശനം. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകൾ കൂടുതൽ മെച്ചപ്പെടണമെന്നും സമ്മേളനത്തിൽ ചർച്ചാവിഷയമായി. ആരോഗ്യമേഖലയിലെ പ്രതിസന്ധിയും വന്യജീവി ആക്രമണവും കൂടുതൽ ഊന്നൽ നൽകേണ്ട പ്രശ്നങ്ങൾ ആണെന്നും പ്രമേയത്തിൽ ആവശ്യമുയർന്നു.