മലയാള മാധ്യമങ്ങള്‍ ഓരോ ദിവസവും ഓരോ അജണ്ടകള്‍ നടപ്പാക്കുകയാണെന്നും, മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാനുള്ള വഴിയൊരുക്കുകയാണെന്നുമുള്ള ആരോപണവുമായി ദേശാഭിമാനി മുന്‍ പത്രാധിപര്‍ ജി ശക്തിധരന്.ഇ പി ജയരാജന് വിഷയത്തില്‍ വ്യത്യസ്തമായൊരു അഭിപ്രായമാണ് ജി ശക്തിധരന് തുടക്കംമുതല്‍ പ്രകടിപ്പിച്ചിരുന്നത്.ഇ പി വിഷയം ജോണ്‍ബ്രിട്ടാസിന്റെ ഗൂഡാലോചനയില്‍ വിരിഞ്ഞതാണെന്ന നിലപാടിലാണ് ജി ശക്തിധരന്.ഫെയിസ് ബുക്ക് പോസ്റ്റില്‍ ശക്തിധരന് ഇങ്ങനെ എഴുതുന്നു.
മലയാള മാധ്യമങ്ങള്‍ ഇന്നലെ പടച്ച രാഷ്ട്രീയ തിരക്കഥ പാടെ വിഴുങ്ങി ഇന്ന് മറ്റൊരു നെറ്റിപ്പട്ടവുമായി ഇറങ്ങിയിരിക്കുന്നത് കണ്ട് ജനങ്ങള്‍ മൂക്കത്തു വിരല്വെക്കുന്നുണ്ടാകും.കാണ്ടാമൃഗം പോലും നാണിച്ചു പോകുന്ന തൊലിക്കട്ടി !’തല്ക്കാലം ഇ പി ക്കൊപ്പം,’ഇ പി ക്ക് പൊള്ളും ‘ എന്നൊക്കെയാണ് ഇന്നത്തെ പ്രവചന ഗുണ്ടുകള്‍.’കളങ്കിത’ പട്ടികയില്‍ കുടുങ്ങിയ ഇ പി ജയരാജനെ എങ്ങിനെയും തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ചിത്രത്തില്‍ നിന്ന് മാറ്റണം.എന്നാലേ മന്ത്രിസഭയില്‍ ഇളക്കി പ്രതിഷ്ഠ ഉണ്ടായാല്‍ ഭാവി മുഖ്യമന്ത്രിയായി മുഹമ്മദ് റിയാസിന്റെ വഴി സുഗമമാകൂ. മുഖ്യമന്ത്രിയുടെ ‘റാസ്പുട്ടിന്’ ഇതിനാണ് കിണഞ്ഞു ശ്രമിക്കുന്നത്.കോഴിക്കോട്ടെ റോഡ് പണി നടത്തുന്ന തൊഴിലാളികള്‍ക്ക് പോലുമറിയാം ഈ ഗൂഢാലോചനയെന്നും ശക്തിധരന് തന്റെ ഫെയിസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
കേന്ദ്രത്തിലെ വകുപ്പില്ലാ മന്ത്രിയെപ്പോലെയാണ് ‘റാസ്പുട്ടിന്’.സംസ്ഥാനകമ്മിറ്റിയില്‍ ഒരു പണിയുമില്ല. ഉപജാപങ്ങള്‍ മാത്രം. ലാവ്ലിന് കേസ് കൊത്താതെ നോക്കുകയാണ് മുഖ്യജോലി. എങ്ങിനെയെങ്കിലും മരുമകന് മുഖ്യമന്ത്രിക്കസേര തരപ്പെടുത്തിക്കൊടുക്കാന്‍ സഹായിക്കുകയാണ് മറ്റൊരു ദൗത്യം.അതിനാണ് ഇ പി ജയരാജനെ പത്മവ്യൂഹത്തിനുള്ളിലാക്കുന്നത്.യഥാര്‍ത്ഥത്തില്‍ ഇ പി ജയരാജന് ഏറ്റവും കടുത്ത ശിക്ഷയാണ് നല്‍കേണ്ടതെന്ന പക്ഷക്കാരനാണ് ഞാനെന്നാണ് ശക്തിധരന് പറയുന്നത്.പാര്‍ട്ടി തെറ്റ് തിരുത്തല്‍ രേഖയില്‍ പറയുന്ന തത്വം മുറുകെപ്പിടിച്ചാല്‍ അതാണ് വേണ്ടത്. ഫലം വരുമ്പോള്‍ ജനരോഷം ശമിപ്പിക്കാന്‍ വേണമെങ്കില്‍ മുഖ്യമന്ത്രിയെ പൊടുന്നനെയോ, അല്‍പ്പം വൈകിയോ മാറ്റി പ്രതിഷ്ഠിക്കുക. പകരം ആ സ്ഥാനത്തേക്ക് മുസ്ലിം സമുദായക്കാരനായ മരുമകനെ നിയോഗിക്കുക എന്നതാണ് ‘റാസ്പുട്ടിന്’ ലക്ഷ്യമിടുന്നത്. ഇതിന് തടസ്സം നില്ക്കാന് സാധ്യത ഇ പി ആണ്. അതുകൊണ്ട് ഇ പി യെ പുകച്ചു ചാടിക്കുന്ന ആ ജോലി ഉടനെ തീര്‍ക്കണം. അതുകൊണ്ടാണ് ഒന്നരവര്‍ഷം മുമ്പ് പൊടിയടിച്ചു കിടന്ന ബി ജെ പി ചര്‍ച്ച എന്ന അജണ്ട പൊടുന്നനെ ഇപ്പോള്‍ പൊടിതട്ടി പൊക്കിയെടുത്തത്.
പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്ത രീതിയോടുള്ള എതിര്‍പ്പ് ആ തീരുമാനം പുറത്തുവന്ന ദിവസം മുതല്‍ ഇ പി തുടരുകയാണ്. ഇതേ വരെ പാര്‍ട്ടിക്ക് ഇ പി യെ തൊടാന്‍ കഴിഞ്ഞിട്ടില്ല. അതാണ് ഇ പി. സി പി എമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഇത്. എം എം മണിയോ പി വി അന്‍വറോ വിചാരിച്ചാല്‍ ഇ പി യെ ഒതുക്കാന്‍ പറ്റില്ല.തന്നിഷ്ടം പോലെ എന്തും ചെയ്തോട്ടെ എന്ന് അനുവദിച്ചുകൊടുക്കുമ്പോഴും മുട്ടാന്‍ നിന്നാല്‍ തുടര്‍ സ്ഫോടനകള്ക്കു വഴികണ്ടാണ് പലരും നീങ്ങുന്നത്. ‘റാസ്പുട്ടിന്’ വിചാരിച്ചാല്‍ കടലാസ് പുലികളായ കുറെ മാധ്യമങ്ങളെ വശീകരിച്ചു നിര്‍ത്താന്‍ കഴിഞ്ഞേക്കും. എന്താണ് സി പി എം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ? പാര്‍ട്ടി ചലനമറ്റു കിടക്കുകയാണ്.കേരളത്തില്‍ ആകെ നടക്കുന്നത് കോണ്‍ഗ്രസിനെ മുച്ചൂടും തകര്‍ക്കുക, അതിന്റെ പ്രതിഫലം ബി ജെ പിയില്‍ നിന്ന് കീശയിലാക്കുക എന്ന അജണ്ടയല്ലേ ? കോണ്‍ഗ്രസ്സിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന പ്രചാരണം അഴിച്ചുവിട്ടത് അര്‍ദ്ധ സത്യമെങ്കിലുമാണോ?
പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നപ്പോള്‍ നഷ്ടമായത് 20 ശതമാനം വോട്ടാണല്ലോ. അത്രയും വോട്ടാണ് ബി ജെ പി ക്ക് അവിടെ ആകെക്കൂടി ലഭിച്ചത്. അതിനുശേഷമുള്ള ഓരോ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട വോട്ട് മുഴുവന്‍ ചെന്നെത്തിയത് ബിജെപിയുടെ പെട്ടിയിലാണ്. അതായത് സിപിഎം ശുഷ്ക്കിച്ചു ശുഷ്ക്കിച്ചു വന്നപ്പോള്‍ ബിജെപിക്ക് എം പി മാരും എം എല്‍ എ മാരും കൂടിക്കൂടി വന്നു. എന്ന് പറഞ്ഞാല്‍ അര്‍ത്ഥമെന്താ ? സിപിഎമ്മിനെ വിശ്വസിക്കാന്‍ കൊള്ളാതായി എന്നല്ലേ ? ഇത് മറച്ചുപിടിക്കാനുള്ള ഒറ്റമൂലിയാണ് കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന ഗീബല്‍സിയന്‍ മന്ത്രം. ഫാസിസ്റ്റ് പ്രവണതകള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സംഘടനകള്‍ അങ്ങിനെയാണ്.
ഇടതുപക്ഷം പുറന്തോട് കൊണ്ട് ജീവിക്കുന്ന ഒരു ജീവിയാണ് . സിപിഎമ്മിന്റെ അകക്കാമ്പ് കമ്മ്യുണിസ്റ്റ് വിരുദ്ധതയാണ്. കോര്‍പ്പറേറ്റുകളുടെ സുരക്ഷിത ഇടമാണിത് ഇന്ന് .ജന്മം കൊണ്ട 1964 മുതല്‍ 28 വര്‍ഷം കോണ്‍ഗ്രസ്സ് വിരുദ്ധ നിലപാടില്‍ മാത്രം പ്രവര്‍ത്തിച്ച പാര്‍ട്ടിയാണിത്.
ലോകത്ത് മുസ്ലിംങ്ങളുടെ വിഷയം മാത്രം ഏറ്റെടുക്കുന്ന ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേരളത്തിലല്ലാതെ എവിടെയാണുള്ളത് ? മുസ്ലീങ്ങളെ പ്രീണിപ്പിച്ചാല്‍ മരുമകന് ഭരണം പിടിക്കാം എന്ന് കരുതുന്നത് എത്ര മൗഢ്യമാണ് ?
എസ്.എസ്.എല്‍.സി ഫലം മെയ് 8-ന് പ്രഖ്യാപിക്കും
ഇ എം എസ് ശ്രമിച്ചത് മുസ്ലിം സമുദായത്തെ പിന്നോക്കാവസ്ഥയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ട് വന്ന് അവരെ പരിഷ്കൃത സമൂഹമാക്കാനാണ്. സി പി എം നേതാക്കള്‍ ഇന്നു ശ്രമിക്കുന്നതോ അവരില്‍ കഴിയുന്നത്ര വര്‍ഗീയ വിഷം കുത്തിവെച്ചു വോട്ട് ബാങ്ക് സൃഷ്ടിക്കാനാണെന്നാണ് ശക്തിധരന് ആരോപിക്കുന്നത്.ഇതാണോ ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചെയ്യേണ്ടത്? ബാബറി മസ്ജിത് തകര്ക്കപ്പെടുന്നതുവരെയുള്ള കാലഘട്ടത്തില്‍ സിപിഎം ചേര്‍ത്തുപിടിച്ചത് എല്‍ കെ അദ്വാനിയുടെയും വാജ്പേയിയുടെയും ജയപ്രകാശ് നാരായണന്റെയും പ്രസ്ഥാനങ്ങളെയാണ് .അന്നും സി പി ഐ യും സോവിയറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും മുന്നറിയിപ്പ് നല്‍കിയിരുന്നത് ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഇത് ആത്മഹത്യാപരമാണെന്നാണ്.
അന്തിമമായി വര്‍ഗീയശക്തികള്‍ ജനങ്ങളെ വഴിതെറ്റിച്ചു കൊണ്ടുപോകും. അതാണ് സംഭവിച്ചതും .അക്കാലത്തെ സംവാദങ്ങളിലേക്ക് കണ്ണോടിച്ചു നോക്കൂ. അപ്പോള്‍ കാണാം കമ്മ്യുണിസ്റ്റ് ആചാര്യന്മാര് നല്‍കിയിരുന്ന മുന്നറിയിപ്പിന്റെ സാധുത. ഇപ്പോള്‍ മുസ്ലിംകളുടെ സംരക്ഷണം ചമയുന്ന സിപിഎം എന്നു മുതലാണ് ഈ നയം സ്വീകരിച്ചത് ? ബാബ്റി മസ്ജിത് തകര്‍ക്കപ്പെട്ടതോടെ ഇന്ത്യയില്‍ മുസ്ലിം സമുദായത്തില്‍ അഭൂതപൂര്‍വമായ അരക്ഷിതാവസ്ഥ പടര്‍ന്നപ്പോള്‍ അത് മുതലെടുക്കാന്‍ മുസ്ലിം രക്ഷക വേഷം ചമഞ്ഞു രംഗത്തെത്തി. കോണ്‍ഗ്രസ് പള്ളി പൊളിക്കുന്നത് നിസ്സംഗതയോടെ നോക്കി നിന്നതുപോലെ ഇടതുപക്ഷം അതിന്റെ ശക്തി മുഴുവന്‍ അതിനു മുമ്പേ സംഘപരിവാറിന് കരുത്താര്‍ജ്ജിക്കാന്‍ വിട്ടുകൊടുത്തിരുന്നു. അങ്ങിനെയാണ് വി പി സിങ് മന്ത്രിസഭ ഉദയം ചെയ്തത്.ശരിയായ നയവും പരിപാടിയും ആവിഷ്ക്കരിക്കാന്‍ ഇടതുപക്ഷത്തിന് ഇനിയും കഴുന്നില്ലെന്നും ശക്തിധരന് ആരോപിക്കുന്നുണ്ട്.