സുരേഷ് ഗോപിക്ക് പുറമെ ഒരു നേതാവിനെ കൂടി മോദി മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി ഇന്നലെ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് അതാരായിരിക്കുമെന്ന ചര്‍ച്ചയും സജീവമായി.ആലപ്പുഴയില്‍ മിന്നും പ്രകടനം കാഴ്ചവച്ച ബി ജെ പിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനായിരിക്കുമോ കേന്ദ്രമന്ത്രി സഭയിലേക്ക് കൊണ്ടുവരിക?കേന്ദ്ര നേതാക്കളുടെ ഗുഡ് ബുക്കില്‍ ഇടം നേടിയ വനിതാ നേതാണ് ശോഭാ സുരേന്ദ്രന്.സുരേഷ് ഗോപി ആദ്യഘട്ടത്തില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്നും, അതിനാല്‍ ആദ്യ രണ്ടുവര്‍ഷം മറ്റൊരു നേതാവ് കേന്ദ്രകമന്ത്രിസഭയിലേക്ക് വരുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും ഡല്‍ഹിലേയ്ക്ക് വിമാനം കയറാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.
ശോഭാ സുരേന്ദ്രനല്ലെങ്കില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കേന്ദ്രമന്ത്രി സഭയിലെത്തിയേക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായൊരു നേതാവിലേക്കാണ് കേരളത്തിലെ രണ്ടാം മന്ത്രി സ്ഥാനം എത്തിയത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കുന്നതിനായുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ജോര്‍ജ് കുര്യനിലേക്ക് കേന്ദ്രമന്ത്രി സ്ഥാനം എത്തിച്ചേര്‍ന്നത്. സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ മിന്നും വിജയത്തിന് പിന്നില്‍ ക്രിസ്റ്റ്യന്‍ മതവിഭാഗത്തിന്റെ വോട്ടാണെന്ന വ്യാപകമായ ചര്‍ച്ചകള്‍ ഉയരുന്നതിനിടയിലാണ് സിറോ മലബാര്‍ സഭാംഗമായ ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ബി ജെ പി ദേശീയ നേതൃത്വം തയ്യാറായത്.
കോട്ടയം കാണക്കാരി സ്വദേശിയാണ് ജോര്‍ജ് കുര്യന്. സോഷ്യലിസ്റ്റ് ആശയക്കാരനായിരുന്ന ജോര്‍ജ് കുര്യന് വിദ്യാര്‍്ത്ഥി ജനതയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്.1980 ല്‍ ബി ജെ പി രൂപീകരിക്കപ്പെട്ടതിന് ശേഷം ഭാരതീയ ജനതാപാര്‍ട്ടിയോടൊപ്പം നിലകൊണ്ടു.യുവമോര്‍ച്ചയിലും ബി ജെ പിയിലും വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ച ജോര്‍ജ് കുര്യന് വാജ്പേയി സര്‍ക്കാരിന്റെ കാലംതൊട്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്തുമായാണ് കേന്ദ്രമന്ത്രിയാവുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം നിലനിന്നിരുന്ന കാലത്താണ് ജോര്‍ജ് കുര്യന് ബി ജെ പി യുടെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാവുന്നത്.ഹിന്ദു പാര്‍ട്ടിയെന്ന പേരില്‍ അറിയപ്പെടുമ്പോഴും മിക്ക ടെലിവിഷന്‍ ചര്‍ച്ചകളിലും ബി ജെ പിയുടെ നയപരിപാടികള്‍ ന്യായീകരിക്കാന്‍ എത്തിയിരുന്നത് ജോര്‍ജ് കുര്യനായിരുന്നു.കേരളത്തിലെ ക്രിസ്റ്റിയന്‍ സഭാ വിശ്വാസികളെ ഒന്നിപ്പിക്കുന്നതിനും ബി ജെ പിയുമായി കൂടുതല്‍ അടുപ്പിക്കുന്നതിനുമായുള്ള വിവിധ അടവുനയങ്ങളില്‍ ഒന്നാണ് ജോര്‍ജ് കുര്യനു ലഭിച്ച ഈ സ്ഥാന ലബ്ദി.
അവസാന നിമിഷം വരെ സര്‍പ്രൈസായിരുന്നു ജോര്‍ജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനം. പ്രധാന മന്ത്രിയുടെ വസതിയില്‍ നടന്ന ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാനായി ജോര്‍ജ് കുര്യന് എത്തിയപ്പോഴും മന്ത്രിമാരുടെ പട്ടികയില്‍ ആ പേരുണ്ടായിരുന്നില്ല.ഉച്ചയോടെയാണ് സുരേഷ് ഗോപിയെക്കൂടാതെ ജോര്‍ജ് കുര്യന്റെ പേരും പുറത്തുവരുന്നത്.സുരേഷ് ഗോപിക്ക് മിന്നും വിജയം നല്കിയ ക്രൈസ്തവ സഭയ്ക്ക് നല്കിയ ഒരു അംഗീകാരമായാണ് ജോര്‍ജ് കുര്യന്റെ മന്ത്രി സ്ഥാനം.
ഒന്നാം മോദി മന്ത്രിസഭയില്‍ കോട്ടയം ജില്ലക്കാരനും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രിയായിരുന്നു. ക്രിസ്റ്റിയന്‍ ന്യൂനപക്ഷത്തിനിടയില്‍ വേരുകളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നല്‍കിയിരുന്നത്. എന്നാല്‍ അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല.ബി ജെ പിയിലെ ദേശീയ നേതാക്കളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന മലയാളി നേതാവാണ് ജോര്‍ജ് കുര്യന്. സംഘടനാ പ്രവര്‍ത്തന മികവും ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് എന്ന നിലയിലുള്ള പ്രവര്‍ത്തനവുമാണ് കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിച്ചത്.
വിദ്യാര്‍ത്ഥി ജനതാദള്‍ നേതാവായാണ് ജോര്‍ജ് കുര്യന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.യുവ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ജോര്‍ജ് കുര്യന് നാലു പതിറ്റാണ്ടിലേറെക്കാലമായി പൊതു പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിന്ധ്യമാണ്.
മോദി മന്ത്രിസഭയില്‍ മലയാളികളായ രണ്ട് മന്ത്രിമാരും എത്തുന്നത് സിനിമാ സ്റ്റൈലിലാണ്. ഒരാള്‍ സിനിമാ തിരക്കുകള്‍ കാരണം ഇപ്പോള്‍ മന്ത്രിസഭയിലേക്കില്ലെന്ന് പറഞ്ഞ് മാറിനില്ക്കാന് ശ്രമിച്ചെങ്കിലും മോദിയുടെ വിളി വന്നതോടെ കേന്ദ്രമന്ത്രിയാവാനായി ഡല്‍ഹിയിലേക്ക് വിമാനം കയറിയത്. ഇന്നലെ മുതല്‍ ഡല്‍ഹിയില്‍ തങ്ങുന്ന ജോര്‍ജ് കുര്യന് മന്ത്രിയാവുമെന്ന വിവരം ഏറ്റവും അവസാന നിമിഷം വരെ ബി ജെ പി ദേശീയ നേതൃത്വം വെളിപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ തവണ മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ഈ മന്ത്രിസഭയില്‍ അംഗമാകില്ല.പത്തനംതിട്ടയില്‍ മത്സരിച്ച അനില്‍ ആന്റണി മന്ത്രിയാവുമെന്ന പ്രചാരണവും അസ്ഥാനത്തായി.