കോട്ടയം: ലഹരി മാഫിയയെ നേരിടാൻ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന സർക്കാരിന്റെ ഉണർവ് പദ്ധതിയുടെ ഭാഗമായി കങ്ങഴ മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാസലഹരിയുടെ ഉപയോഗം ചെറുപ്പക്കാരെയാണ് കൂടുതൽ ബാധിക്കുക എന്നും വിദ്യാലയങ്ങളിൽ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുന്നതിനും സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽനിന്നു വിലക്കുന്നതിനും സംസ്ഥാന വിമുക്തി മിഷനുമായി ചേർന്ന് എക്സൈസ് വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഉണർവ്.
ലഹരിക്ക് ഇരയാകുന്ന എല്ലാവരും തെറ്റുകാരല്ല. അവരെ രക്ഷപ്പെടുത്തി എടുക്കാനാണ് വിമുക്തി പദ്ധതി നടപ്പിലാക്കിയത്. ലഹരി നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് എക്സൈസ് വകുപ്പിന് എല്ലാ ആധുനിക സജ്ജീകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു.