തിരുവനന്തപുരം: ഡോ എ പിജെ അബ്ദുകള്‍ കലാം സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറെ പൂര്‍ണമായും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. രാഷ്ട്രപതി അനുവാദം നല്‍കാത്ത ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഉത്തരവ്. വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നതായിരുന്നു നിയമ ഭേദഗതി.
സേര്‍ച്ച് കമ്മിറ്റിയില്‍ യൂണിവേഴ്സിറ്റി, യുജിസി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധികളെ ഉള്‍പെടുത്താനാണ് തീരുമാനം. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കാണ് നിലവില്‍ സാങ്കേതിക സര്‍വകലാശാലയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്. ചാന്‍സിലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റാനുള്ള നിയമം നിയമസഭ പാസാക്കിയിട്ട് മാസങ്ങളായെങ്കിലും ഗവര്‍ണര്‍ ഒപ്പുവെക്കാത്തതിനാല്‍ നിയമമായിരുന്നില്ല. ബില്‍ രാഷ്ട്രപതിക്ക് അയച്ചതോടെ തീരുമാനം അന്തിമമായി നീളുകയാണ്. നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടാത്ത രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ കേരള സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കയാണ്.