തിരുവനന്തപുരം: പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ച് സർക്കാർ വിജ്ഞാപനം. സംസ്ഥാനത്ത് തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിന് മുന്നോടിയായിട്ടാണ് വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്. പുനർവിഭജനം നടക്കുമ്പോൾ പുതിയ ഓരോ വാർഡുകൾ കൂടി വർധിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നതെങ്കിലും വിജ്ഞാപനം വന്നപ്പോള്‍ അത് ഒന്നുമുതല്‍ മൂന്നുവരെയായി. 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാണ് വര്‍ധിച്ചത്.
സംസ്ഥാനത്താകെ 15,962 വാര്‍ഡുകളുണ്ടായിരുന്ന സ്ഥാനത്ത് ഇനി 17,337 ആകും. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2080 വാര്‍ഡുകളുണ്ടായിരുന്നത് 2267 ആകും. ജില്ല പഞ്ചായത്തുകളില്‍ 15 ഡിവിഷനുകള്‍ കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റ് ജില്ലകളില്‍ ഓരോ ഡിവിഷനുമാണ് വര്‍ധിക്കുന്നത്. മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ വാര്‍ഡ് നിര്‍ണയ വിജ്ഞാപനം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഇറങ്ങും.

മൊത്തം വാര്‍ഡുകളില്‍ 50 ശതമാനം വനിത സംവരണമാണ്. പട്ടികജാതി-വര്‍ഗ സംവരണ വാർഡുകളിലും ആനുപാതിക വർധനയുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍. ഇവിടെ 94 ഗ്രാമപഞ്ചായത്തുകളിലായി 2001 വാര്‍ഡുകളാകും. നിലവിൽ 1778 വാര്‍ഡുകളാണുള്ളത്. 223 വാര്‍ഡുകള്‍ മലപ്പുറത്ത് കൂടും. കുറവ് വാര്‍ഡുകള്‍ വയനാട് ജില്ലയിലാണ്. 23 ഗ്രാമപഞ്ചായത്തുകളിലായി 450 വാര്‍ഡുകള്‍. 413 വാര്‍ഡുകളാണ് നിലവിലുള്ളത്.
ഗ്രാമപഞ്ചായത്തുകളിലെ കുറഞ്ഞ വാര്‍ഡുകൾ 14ഉം കൂടിയ വാര്‍ഡുകള്‍ 24ഉം ആയി ഉയര്‍ന്നു. മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ് പുനർവിഭജന പട്ടികകൂടി വന്നശേഷം അതിർത്തി നിർണയ ചർച്ചകളിലേക്ക് കടക്കും. അതിന് വാർഡ് പുനർവിഭജന കമീഷൻ യോഗം ചേർന്ന് മാർഗനിർദേശം പുറത്തിറക്കും.
അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശഭരണ സെക്രട്ടറിമാർ അതിർത്തി നിർണയിച്ച് വാർഡുകൾക്ക് പേരിടും. അതോടൊപ്പം കലക്ടർമാരുടെ നേതൃത്വത്തിൽ ആക്ഷേപങ്ങളും പരാതികൾ കേൾക്കും. അതിന് ശേഷമാകും വാർഡ് പുനർവിഭജനം നടത്തി അന്തിമ വിജ്ഞാപനം പുറത്തിറക്കുക.
152 ബ്ലോക്ക് പഞ്ചായത്തിൽ 187 വാർഡുകൾ കൂടും
തിരുവനന്തപുരം: 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 വാര്‍ഡുകളാണുണ്ടായിരുന്നത്. ഇത് 2267 ആകും. ബ്ലോക്ക് പഞ്ചായത്തുകളില്‍ 187 വാര്‍ഡുകള്‍ കൂടും.
ജില്ല പഞ്ചായത്ത്: 15 ഡിവിഷന് കൂടും
തിരുവനന്തപുരം: 14 ജില്ല പഞ്ചായത്തുകളിലായി 15 ഡിവിഷനുകള്‍ കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റ് ജില്ലകളില്‍ ഓരോന്നുമാണ് കൂടുന്നത്. ഇതുവരെ 331 ഡിവിഷനുകളാണുണ്ടായിരുന്നത്. അത് 346 ആകും.