തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്ദു കൃഷ്ണൻ ഇതുവരെ വാങ്ങിയത് 143.5 കോടി രൂപയെന്ന് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി ക്രൈംബ്രാഞ്ച്. പ്രതിയുടെ ഇരുപത്തിയൊന്ന് അക്കൗണ്ടുകളിലായി 143.5 കോടി രൂപ വന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കൂടാതെ 20,163 പേരിൽ നിന്ന് അറുപതിനായിരം രൂപ വീതം വാങ്ങിയെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു.
425 പേരിൽ നിന്ന് 56,000 രൂപ വീതമാണ് അനന്തു കൃഷ്ണൻ വാങ്ങിയത്. കൂടുതൽ പണം വാങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.അതേസമയം കേസിൽ പ്രതി അനന്തു കൃഷ്ണനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ കോടതിയാണ് പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണം എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആവശ്യം.