കൊച്ചി: പകുതി വിലയിൽ സ്കൂട്ടർ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ജില്ലയിൽ അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ, കോതമംഗലം എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളാണ് അന്വേഷക സംഘം പരിശോധിക്കുന്നത്. ജില്ലയിലെ സ്റ്റേഷനുകളിലായി 34 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവ പുതിയ എഫ്.ഐ.ആർ. ഇട്ട് പ്രത്യേക അന്വേഷക സംഘത്തിന് നൽകും കൂടാതെ പോലീസിന്റെ കേസന്വേഷണ റിപ്പോർട്ടും ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ച് സംഘം ഗിരിനഗറിൽ അനന്തുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ ബീ വെൻച്വേഴ്സിൽ പരിശോധന നടത്തി. 500 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി ആദ്യഘട്ട അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം നടത്തും.