ഗാസ: ഇസ്രയേലിൽ നിന്ന് തങ്ങൾ ബന്ധികളാക്കിയവരിൽ അടുത്ത സംഘത്തെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. ഇതോടെ ഗാസ മുനമ്പിലെ വെടിനിർത്തൽ അവസാനിച്ച് വീണ്ടും യുദ്ധത്തിലേക്ക് പോയേക്കുമെന്ന ഭീതി വഴിമാറുകയാണെന്ന ആശ്വാസത്തിലാണ് അന്താരാഷ്ട്ര സമൂഹം. വെടിനിർത്തൽ കരാറിനെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കുമെന്ന് മദ്ധ്യസ്ഥരായ ഈജിപ്ത്, ഖത്തർ സംഘങ്ങളെ ഹമാസ് അറിയിച്ചു. ശനിയാഴ്ച ഹമാസിന്റെ പിടിയിൽ ഇനിയും അവശേഷിക്കുന്ന ഇസ്രയേലി ബന്ധികളിൽ മൂന്ന് പേരെക്കൂടി മോചിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ഹമാസിന്റെ പുതിയ അറിയിപ്പിനോട് ഇസ്രയേലിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ബന്ധിക്കളുടെ മോചനം വൈകിപ്പിക്കുമെന്ന തരത്തിൽ നേരത്തെ ഹമാസ് പ്രഖ്യാപനം നടത്തിയിരുന്നു. ടെന്റുകളും അഭയകേന്ദ്രങ്ങളും അനുവദിക്കുന്നത് ഉൾപ്പെടെയുള്ള വെടിനിർത്തൽ കരാർ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹമാസിന്റെ ഈ പ്രഖ്യാപനം. അതേസമയം ബന്ധികളെ മോചിപ്പിച്ചില്ലെങ്കിൽ യുദ്ധം പുനഃരാരംഭിക്കുമെന്ന് നിലപാടിലാണ് ഇസ്രയേലും. ഇക്കാര്യം ബെഞ്ചമിൻ നെതന്യാഹു തന്നെ അറിയിക്കുകയും ചെയ്തു.
ഹമാസിന്റെ പ്രധാന ആരോപണം ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നു എന്നാണ്. ഇസ്രയേൽ മൂന്നാഴ്ചയായി നിരന്തരം കരാർ ലംഘനം നടത്തുന്നുവെന്നും ഹമാസ് വ്യക്തമാക്കി. താത്കാലിക അഭയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാമഗ്രികളും മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഇന്ധനലും ഗാസയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ഹെവി ഉപകരണങ്ങളും എത്തിക്കുന്നത് ഇസ്രയേൽ തടയുകയാണെന്ന് ഹമാസ് ആരോപിച്ചു. ഈജിപ്ഷ്യൽ പ്രതിനിധികളുമായി ഇക്കാര്യത്തിൽ കെയ്റോയിൽ വെച്ച് ചർച്ച നടത്തിയതായും ഖത്തർ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഹമാസ് ഇതിനോടകം അറിയിച്ചിരുന്നു. അതേസമയം പുതിയ പ്രഖ്യാപനത്തോടെ വെടിനിർത്തൽ തുടരുമെന്ന സാധ്യതയെന്നും പ്രതിസന്ധികൾ തരണം ചെയ്യുന്നതിൽ ഈജിപ്തും ഖത്തരും വിജയിച്ചുവെന്നും ചില ഈജിപ്ഷ്യൻ മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ട്.