കൊച്ചി: അങ്ങനെ പുതുവർഷം പിറന്നിരിക്കുകയാണ്. പോയ കാലം സമ്മാനിച്ച നല്ല ഓർമകളെ തഴുകിയും അനിഷ്ടമായ ഓർമകളെ മറവിക്ക് നൽകിയും പുതിയ വർഷത്തിന്റെ പുത്തൻ പ്രതീക്ഷകളെ ഏറ്റെടുത്ത് ലോകം 2025നെ വരവേറ്റിരിക്കുകയാണ്. പസഫിക് സമുദ്രത്തിലെ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ ക്രിസ്മസ് ഐലന്റിലായിരുന്നു ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യൻ സമയം ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കായിരുന്നു കിരിബാത്തി ദ്വീപുകളിൽ പുതുവത്സരം. തൊട്ടുപിന്നാലെ ന്യുസീലൻഡിലും പുതുവർഷം എത്തി. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടനിൽ ജനുവരി ഒന്ന് പകൽ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക. സിഡ്നി, ടോക്കിയോ, ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ ലോകനഗരങ്ങളില്‍ വമ്പിച്ച ആഘോഷങ്ങളോടെയാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്.
സിഡ്നിയിലെ പ്രശസ്തമായ ഹാര്‍ബര്‍ കരിമരുന്ന് പ്രകടനം, ടോക്കിയോയിലെ ടെംപിള്‍ ബെല്‍ ചടങ്ങുകള്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ടൈംസ് സ്ക്വയര്‍ ബോള്‍ ഡ്രോപ് തുടങ്ങിയവയെല്ലാം പുതുവത്സരത്തെ വരവേല്ക്കുന്നതിനുള്ള ശ്രദ്ധേയമായ ആഘോഷങ്ങളാണ്. ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പതിനാറാമതായാണ് ഇന്ത്യയിൽ പുതുവർഷം പിറവിയെടുത്തത്. ശ്രീലങ്കയും ഇന്ത്യക്കൊപ്പം പുതുവർഷത്തെ വരവേറ്റു. 2024 ഏറെക്കുറെ സംഭവ ബഹുലമായിരുന്ന വർഷം തന്നെയായിരുന്നു. യുദ്ധഭീകരതയും അധിനിവേശങ്ങളും അട്ടിമറികളും നടന്ന വർഷമാണ് കടന്നുപോയത്. വിനാശകരമായ യുദ്ധങ്ങൾ ഒഴിവാക്കാൻ ലോകം പലകുറി കൈകോർത്തെങ്കിലും ഒന്നും നടന്നില്ല. ലോകം വീണ്ടും കൂടുതൽ യുദ്ധാന്തരീക്ഷത്തിലൂടെ കടന്നുപോകുന്നതിനാണ് 2024 സാക്ഷിയായത്. പ്രകൃതിയുടെ സംഹാര താണ്ഡവത്തിനും പോയവർഷം സാക്ഷിയായി.
വയനാട് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ വേദനയായി അവശേഷിക്കുന്നു. ഉരുൾ സർവ്വവും കവർന്നെടുത്ത വയനാട്ടിലെ ജനതയ്ക്കും 2025 അതിജീവനത്തിന്റെയും പ്രത്യാശയുടെയും പുതുവർഷമാണ്. ലോകമാകെ ആരവങ്ങളുടെ പുതുവർഷത്തെ വരവേറ്റപ്പോൾ കേരളത്തിലും പുതുവര്‍ഷത്തെ ആഘോഷപൂര്‍വ്വമാണ് ജനം വരവേറ്റത്. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ വലിയ ആഘോഷങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.ഗാലാഡി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ പപ്പാഞ്ഞിയെ കത്തിച്ചാണ് ഫോര്‍ട്ട് കൊച്ചിയില്‍ ആഘോഷം നടന്നത്. ഇത്തവണ 48 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് കൊച്ചിയിലെ ആഘോഷത്തിന്റെ ഭാഗമായി അഗ്നിക്കിരയായത്. പോര്‍ച്ചുഗീസ് വയോധികന്റെ മുഖച്ഛായയുള്ള പപ്പാഞ്ഞിയെയാണ് ഇത്തവണ ഒരുക്കിയിരുന്നു. വര്‍ഷം തോറും കൊച്ചി കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.
എന്നാല്‍ ഇത്തവണ ഗാലാഡി കമ്മിറ്റിയാണ് ഇത് ഏറ്റെടുത്തത്. അതിന് കാരണമാകട്ടെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ നിര്യാണമാണ്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ കാര്‍ണിവല്‍ കമ്മിറ്റി ആഘോഷ പരിപാടികളെല്ലാം വേണ്ടെന്ന് വച്ചു. തുടര്‍ന്നാണ് ഗാലാഡി കമ്മിറ്റി ഇതെല്ലാം ഏറ്റെടുത്തത്. അതേസമയം നാളെ കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ണിവല്‍ റാലി നടത്തും. ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും വന്‍ പൊലീസ് സുരക്ഷയിലാണ് ആഘോഷങ്ങള്‍ നടന്നത്. 1000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും വിന്യസിച്ചിരുന്നത്.
ഇന്നലെ രാവിലെ മുതല്‍ ആയിരങ്ങൾ ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ദൂരെനിന്നുള്ളവര്‍ ശനിമുതൽ തന്നെ ഹോംസ്റ്റേകളിലും മറ്റും ഇടംപിടിച്ചു. കവലകളിലും ചെറിയ മൈതാനങ്ങളിലും വിവിധ ക്ലബ്ബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ ഒരുക്കി. വിദേശ വിനോദസഞ്ചാരികളും ആഘോഷങ്ങളിൽ തിളങ്ങി. തിരുവനന്തപുരത്തും കോഴിക്കോടും ബീച്ചുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ആഘോഷം. കോഴിക്കോട്, ബിച്ചിലും മാനാഞ്ചിറയിലും കേന്ദ്രീകരിച്ചായിരുന്നു പ്രധാന ആഘോഷങ്ങള്‍. തലസ്ഥാനത്തും നിരവധിയിടങ്ങളിലാണ് പുതുവത്സരാഘോഷ പരിപാടികള്‍ നടന്നത്. ഏതായാലും പുത്തൻ പ്രതീക്ഷകളുടെ പുതിയ വാതായനങ്ങളിലേക്ക് 2025നെ ശുഭപ്രതീക്ഷയോടെ കാണുന്ന ഏവർക്കും ഹൃദ്യമായ പുതുവർഷ ആശംസകൾ നേരുന്നു.