കോട്ടയം: വിദ്വേഷ പരാമർശക്കേസിൽ ഒളിവിൽ പോയ പി.സി ജോർജ് ഇന്ന് പൊലീസിൽ കീഴടങ്ങും. ഇന്ന് സ്റ്റേഷനിൽ ഹാജരാകുമെന്ന് കാണിച്ച് പി.സി ഈരാറ്റുപേട്ട പൊലീസിന് നേരത്തെ കത്ത് നൽകിയിരുന്നു. അതേസമയം സ്റ്റേഷനിൽ എത്തുന്നതിനു മുമ്പ് അറസ്റ്റിനും സാധ്യതയുണ്ട്. പി.സി ജോർജിനെ വീട്ടിൽ എത്തിച്ച ശേഷം അവിടെ നിന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനാണ് ബിജെപി തീരുമാനം.
എന്നാൽ പ്രകടനത്തിന് പൊലീസ് അനുമതി നൽകിയേക്കില്ല. അറസ്റ്റിനോട് അനുബന്ധിച്ച് സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ ഈരാറ്റുപേട്ടയിൽ വിന്യസിച്ചിട്ടുണ്ട്. ജനുവരി 5ന് നടന്ന ചാനൽ ചർച്ചയിലാണ് പി.സി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുഴുവൻ മുസ്ലീങ്ങളും വർഗീയവാദികളാണെന്നും അവർ പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പരാമർശം. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.